ഇടുക്കി: ഇടുക്കി, പുല്ലുപാറയ്ക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയി തിരികെ വരികയായിരുന്ന മാവേലിക്കര സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിലുള്ള സ്ഥലത്തു 30 അടി താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം. മൂന്നു സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് അപകടം. റോഡില്‍ നിന്നു തെന്നിമാറി മറിഞ്ഞ ബസ് ഒരു മരത്തില്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. അപകടത്തിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളും വിവരമറിഞ്ഞെത്തിയ പൊലീസും ചേര്‍ന്നാണ് ബസിനകത്തു കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. മൂന്നു പേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴി മധ്യേയുമാണ് മരിച്ചത്.