മംഗ്‌ളൂരു: പരാതി നല്‍കിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ഡിവൈ.എസ്.പിക്കെതിരെ സമാനമായ മറ്റൊരു പരാതി കൂടി. മധുഗിരി ഡിവൈ.എസ്.പി രാമചന്ദ്രപ്പയ്‌ക്കെതിരെയാണ് പരാതി. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ക്ക് കടം നല്‍കിയ പണം തിരികെ കിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്ന യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഈ വിവരമറിഞ്ഞ് ഡിവൈ.എസ്.പി യുവതിയോട് തന്റെ ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭര്‍ത്താവിനൊപ്പമാണ് യുവതി ഡിവൈ.എസ്.പി ഓഫീസിലെത്തിയത്. ഭര്‍ത്താവിനെ പുറത്തിരുത്തിയ ശേഷം യുവതിയെ മുറിയിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് പരാതി. കാലില്‍ വീണു യാചിച്ചിട്ടും തന്നെ വെറുതെ വിടാന്‍ ഡിവൈ.എസ്.പി തയ്യാറായില്ലെന്ന് യുവതി കൂട്ടിച്ചേര്‍ത്തു.