മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. കൈയ്യിലുണ്ടായിരുന്ന അഞ്ചുവയസുള്ള കുട്ടി കാട്ടാനയുടെ ആക്രമണത്തിനിടെ ദൂരേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മറ്റുള്ളവര്‍ കുട്ടിയെ എടുത്തോടിയതിനാല്‍ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ഏഴേമുക്കാലോടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. ഉള്‍വനത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമാണ് കോളനിയിലെ വീട്ടില്‍ എത്താനാകുക. കാര്‍ത്തിക്, കുട്ടിവീരന്‍ എന്നിവരും മണിക്ക് ഒപ്പമുണ്ടായിരുന്നു. പെട്ടെന്നാണ് കാട്ടാന മുന്നില്‍പെട്ടത്. തുമ്പിക്കൈ കൊണ്ട് മണിയെ ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന കുട്ടി തെറിച്ചുവീണു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ ആന തിരിച്ചുപോയി. ആക്രമണം ഉണ്ടായത് അറിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം വനംവകുപ്പ് ജീവനക്കാര്‍ ഉള്‍വനത്തിലെത്തിയാണ് പരിക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. രക്തം വാര്‍ന്ന നിലയിലാണ് ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.