തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാർക്ക് സസ്പെൻഷൻ. തട്ടിച്ച തുകയും പലിശയും ചേർത്ത് തിരിച്ചു പിടിക്കുമെന്നാണ് ഉത്തരവ്. 18 ശതമാനം പലിശയായിരിക്കും ഇവരിൽ നിന്ന് ഈടാക്കുക. പൊതുമരാമത്ത് വകുപ്പിലെ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു. നേരത്തേ ക്ഷേമ പെൻഷൻ തട്ടിപ്പിൽ ഒൻപത് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടും. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. സംഭവത്തിൽ, വനം വകുപ്പ് അടക്കമുള്ളവരും നടപടി എടുത്തിരുന്നു. അതേസമയം, അച്ചടക്കനടപടിയെ സ്വാഗതം ചെയ്യുകയാണ് എന്ന് സർവ്വീസ് സംഘടനകൾ അറിയിച്ചു.