കൊച്ചി: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് കോളേജിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. അതേസമയം സംഭവത്തില്‍ ദുരൂഹതയില്ലെന്നും അന്വേഷിച്ചുവരുകയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരണപ്പെട്ട വിദ്യാര്‍ത്ഥിനിയും സുഹൃത്തായ വിദ്യാര്‍ത്ഥിനിയും ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെ വലിയ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഫാത്തിമത് താഴെ വീണത് കണ്ടതെന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനി പൊലീസിനോട് പറഞ്ഞത്. കാല്‍ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഈ ഘട്ടത്തില്‍ പറയാനാകില്ലെന്നും പൊലീസ് പറഞ്ഞു.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/inbound8574855918794633933.jpg)