ബംഗളൂരു: കേരള മോഡല്‍ ജനക്ഷേമ പദ്ധതികള്‍ കണ്ടു പഠിച്ച കര്‍ണ്ണാടക കേരളത്തിലെപ്പോലെ സാമ്പത്തിക തകര്‍ച്ചയിലേക്കു നീങ്ങുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പു സ്ത്രീകള്‍ക്കു കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര പ്രഖ്യാപിച്ചത് ടിക്കറ്റ് ചാര്‍ജ്ജു വര്‍ധനയ്ക്കു അടിയന്തര കാരണമാവുകയായിരുന്നു. സ്ത്രീകള്‍ക്കു സര്‍ക്കാര്‍ ബസില്‍ സൗജന്യയാത്ര ഉറപ്പാക്കുന്നതിന് 2023 ജൂണ്‍ 11നു ശക്തി സ്‌കീം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അതുവരെ ഒരു ദിവസം കര്‍ണ്ണാടക സ്റ്റേറ്റ് ബസില്‍ വനിതാ യാത്രക്കാരുടെ എണ്ണം 93 ലക്ഷമായിരുന്നത് ഇതോടെ ഒരു കോടിയായി വര്‍ധിച്ചു. യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ ബസ്സുകളുടെയും ജീവനക്കാരുടെയും എണ്ണവും ഡീസലിനും ജീവനക്കാരുടെ കൂലിക്കും കൂടുതല്‍ പണവും ആവശ്യമായി വന്നു. ഇതിനു വേണ്ടി 4304 ബസുകള്‍ പുതുതായി വാങ്ങി. വനിതായാത്രക്കാരെ ബസ് ചാര്‍ജ്ജ് ഇല്ലാതെ കൊണ്ടു പോകുന്നതിനു പകരം 2023 ജൂണിനും 24 നവംബറിനുമിടയില്‍ 6,543 കോടി രൂപ സര്‍ക്കാര്‍ സബ്സിഡി കൊടുത്തു കൂടുതല്‍ ബസുകള്‍ വാങ്ങിയതോടെ അതുവരെ ദിവസം 9.16 കോടി രൂപ ഡീസലിനു വേണ്ടി ചെലവാക്കിയിരുന്ന കര്‍ണ്ണാടക സ്റ്റേറ്റ് ബസിനു ഡീസലിനു 13.12 കോടി രൂപ ദിവസം ചെലവഴിക്കേണ്ടി വന്നു. അതിനൊപ്പം ജീവനക്കാരുടെ ശമ്പളവും വര്‍ധിപ്പിച്ചു. എല്ലാം കൂടിയായപ്പോള്‍ ഇതിന്റെ ഭാരം കൂടി ടിക്കറ്റ് ചാര്‍ജ്ജ് വര്‍ധനവിലൂടെ സര്‍ക്കാര്‍ യാത്രക്കാരുടെ ചുമലില്‍ ഇറക്കിവച്ചു. ഇതിനും കേരള മോഡലാണ് പിന്തുടര്‍ന്നിട്ടുള്ളതെന്നു പറഞ്ഞു. ഇതിനു പുറമെ കഴിഞ്ഞ നവംബറില്‍ മാത്രം സര്‍ക്കാര്‍ കടമെടുപ്പ് 347 ശതമാനം വര്‍ധിച്ചു. തിരഞ്ഞെടുപ്പു വേളയിലെ സൗജന്യ വാഗ്ദാനങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ വരുമാനത്തിന്റെ ഭൂരിഭാഗവും ചെലവാക്കുന്നതെന്നാക്ഷേപമുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ സര്‍ക്കാര്‍ 7349 കോടി രൂപ കടമെടുത്തു. നവംബറില്‍ അത് 32,884 കോടി രൂപയായി ഉയര്‍ന്നു. 2024-25ല്‍ 1.05 ലക്ഷം കോടി രൂപ കടമെടുക്കുമെന്നു പറയുന്നു. കഴിഞ്ഞ വര്‍ഷം 90,280 കോടി രൂപ കടമെടുത്തു. കേരളത്തിലെപ്പോലെ കടമെടുക്കുന്ന തുക കൊണ്ട് അതുവരെയുള്ള കടത്തിന്റെ പലിശ കൊടുക്കുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള ചെലവിനു 48,000 കോടി രൂപ കടമെടുക്കുന്നുണ്ട്. മാര്‍ച്ച് വരെ കര്‍ണ്ണാടകയുടെ മൊത്തം കുടിശ്ശിക ബാധ്യത 6.65 ലക്ഷം കോടി രൂപയാവുമെന്നു സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്. ചാര്‍ജ്ജ് വര്‍ധനവില്‍ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.