കാസര്‍കോട്: ‘മാലിന്യമുക്തം നവകേരളം’ പ്രകാരം നടത്തുന്ന വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ടൗണില്‍ ജില്ലാ സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തുകയും സ്ഥാപന ഉടമകള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു. മാലിന്യം വലിച്ചെറിയല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനങ്ങള്‍ക്ക് 53,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. നഗരസഭയിലെ ബേക്കല്‍ ഇന്റര്‍നാഷണല്‍ കെട്ടിട സമുച്ചയത്തില്‍ നിന്നുള്ള ഉപയോഗജലവും മാലിന്യവും തുറന്ന സ്ഥലത്ത് കണ്ടെത്തിയതിനാല്‍ 20,000 രൂപ പിഴ നല്‍കി. മലിനജലം തുറന്ന കുഴിയിലേക്ക് ഒഴുക്കി വിട്ടതിന് എലൈറ്റ് റസ്റ്റോറന്റ്, ഉഡുപ്പി റസ്റ്റോറന്റ്, എന്നീ സ്ഥാപന ഉടമകള്‍ക്ക് 10,000 രൂപ വീതം പിഴ ചുമത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉപയോഗജലം പൈപ്പ് ലൈന്‍ ലീക്കിലൂടെ പുറത്തുവന്നതിനുമായി എലൈറ്റിനടുത്തുള്ള കെട്ടിടസമുച്ചയ ഉടമയ്ക്ക് 10,000 രൂപ പിഴ നല്‍കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചതിനും അലക്ഷ്യമായി കൈകാര്യം ചെയ്തതിനും കാഞ്ഞങ്ങാട് നഴ്‌സിംഗ് ഹോം ഉടമയ്ക്ക് 5,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ ബോധവല്‍ക്കരണം നല്‍കുകയും പരിഹാര നടപടികള്‍ക്കായി സമയക്രമം നിശ്ചയിച്ചു നല്‍കുകയും ചെയ്തു. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിഖിത പിവി, സ്‌ക്വാഡ് അംഗം ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.