കാസര്‍കോട്: മീഞ്ച ബട്ടിപ്പദവിലെ സ്വകാര്യ പ്ലൈവുഡ് ഫാക്ടറില്‍ വന്‍ തീപിടിത്തം. ഫയര്‍ഫോഴ്‌സിന്റെ അവസരോചിത ഇടപെടല്‍ കാരണം വന്‍ അപകടം ഒഴിവായി. ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് എംഎ ഫ്രേം വര്‍ക്‌സ് പ്ലൈവുഡ് ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. തൊഴിലാളികള്‍ ജോലിചെയ്യുന്നതിനിടെ മരപ്പൊടി മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡിലാണ് തീയും പുകയും ഉയര്‍ന്നത്. അപ്പോള്‍ തന്നെ തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. ഉപ്പളയില്‍ നിന്നെത്തിയ രണ്ടു യൂനീറ്റ് ഫയര്‍ഫോഴ്‌സ് രണ്ടുമണിക്കൂറോളം പരിശ്രമിച്ച് തീയണച്ചു. ഫയര്‍ഫോഴ്‌സിന്റെ അവസരോചിതമായ നീക്കത്തെ തുടര്‍ന്ന് ഫാക്ടറിയുടെ മറ്റു ഭാഗങ്ങളിലേക്ക് തീപടരുന്നതിന് നിയന്ത്രിക്കാന്‍ കഴിഞ്ഞു. പടര്‍ന്നിരുന്നെങ്കില്‍ കോടികളുടെ നാശം സംഭവിച്ചേനെയെന്ന് അധികൃതര്‍ പറഞ്ഞു. തീപിടിച്ച വിവരമറിഞ്ഞ് ഫാക്ടറിക്കുള്ളിലുണ്ടായിരുന്ന തൊഴിലാൡകളെല്ലാം പുറത്തേക്കെത്തിച്ചിരുന്നു. മംഗളൂരു സ്വദേശി എംകെ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ മുഹമ്മദ് ഷാഫി, പശുപതി, അതുല്‍ രവീന്ദ്രന്‍, ബിആര്‍ അഭിജിത്ത്, ശ്രീജിത്ത്, അതുല്‍, ഗംഗാധരന്‍, മിഥുന്‍ കുമാര്‍ എന്നിവരും ഹോംഗാര്‍ഡുമാരായ മാത്യു ഐസക്, സുഭാഷ്, പ്രദീപ് മേനോന്‍ എന്നവരാണ് ഉപ്പള ഫയര്‍ സ്റ്റേനില്‍ നിന്ന് തീയണക്കാനെത്തിയത്. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.