കൊച്ചി: കലൂരില്‍ നൃത്ത പരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് ഉണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണ്. പൂര്‍ണമായും സ്വയമേ ശ്വസിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, അപകടനില പൂര്‍ണ്ണമായി തരണം ചെയ്തിട്ടില്ലെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ തുടരുമെന്നും അറിയിച്ചു. ഒരാഴ്ച്ച വെന്റിലേറ്റില്‍ തുടര്‍ന്ന ശേഷമാണ് ഇപ്പോള്‍ ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. എം.എല്‍.എ യുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ ഉമ തോമസ് മക്കളുമായും ഡോക്ടര്‍മാരുമായും സംസാരിച്ചുവെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ചികിത്സയോട് ഉമ തോമസ് നന്നായി പ്രതികരിച്ച് തുടങ്ങിയിരുന്നു. കൈകാലുകള്‍ അനക്കുകയും എഴുന്നേറ്റിരിക്കുകയും ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതര്‍ പുറത്തുവിട്ടിരുന്നു. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമ തോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമ തോമസ് എഴുതിയത്. ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 18 അടി ഉയരമുള്ള ഉദ്ഘാടന വേദിയില്‍നിന്നു വീണാണ് ഉമ തോമസിന് ഗുരുതര പരിക്കേല്‍ക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുന്‍പ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.