കാസർകോട്: ബോവിക്കാനം ടൗണിൽ നിർമ്മിച്ച ജല സംഭരണി ഉടൻ കമ്മീഷൻ ചെയ്യണമെന്നും, മുളിയാറിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ശുദ്ധജലം ലഭ്യ മാക്കണമെന്നും മുളിയാർ പീപ്പിൾസ് ഫോറം യോഗം ആവശ്യപ്പെട്ടു. പത്ത് വർഷം മുമ്പ് കോടികൾ മുടക്കി കേരള വാട്ടർ അതോറ്റി നിർമ്മിച്ച 24 ലക്ഷം ലിറ്റർ ജലം സംഭരിക്കാവുന്ന കൂറ്റൻ ജല സംഭരണിയെ നോക്കുകുത്തിയാക്കി മാറ്റിയവർ എന്തിന് നിർമ്മിച്ചുവെന്ന് മറുപടി പറയണമെന്ന് മുളിയാർ പിപ്പിൾസ് ഫോറം ആവശ്യപ്പെട്ടു. വ്യക്തമായ മുൻ ധാരണയില്ലാതെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമ്മിച്ച ഈ സംഭരണി പ്രവർത്തന ക്ഷമമാക്കാത്തത് മൂലം ബലക്ഷയം സംഭവിച്ചോ എന്നത് പരിശോധിക്കപ്പെടേണ്ടതുണ്ട്. കാസർകോട് നഗരസഭക്കും വിവിധ പഞ്ചായത്തുകളിലേക്കും മുളിയാർ പഞ്ചായത്തിലെ ബാവിക്കരയിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. എന്നാൽ മുളിയാർ പഞ്ചായത്തിലെ ജനങ്ങൾക്ക് മതിയായ വിധം ഇന്നും ജലവിതരണ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്നും ഇതുവരെ ജൽ ജീവൻ പദ്ധതിയും മുളിയാറിൽ പൂർത്തീ കരിക്കാത്തത് പ്രതിഷേധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി. ഫോറം പ്രസിഡൻ്റ് ബി.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു. ശരീഫ് കൊടവഞ്ചി, കെ. സുരേഷ് കുമാർ, മൻസൂർ മല്ലത്ത്, വേണുകുമാർ, സാദത്ത് മുതലപ്പാറ പ്രസംഗിച്ചു.