കാസര്‍കോട്: സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ കുമ്പള മെര്‍ച്ചന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം നേരത്തെ മാറ്റിയ ഓഫീസ് കെട്ടിടത്തിന്റെ ഔപചാരിക ഉദ്ഘാടനത്തിനു സഹകരണ വകുപ്പിന്റെ രണ്ട് അസിസ്റ്റന്റ് രജിസ്ട്രാര്‍മാരും രണ്ടു ഇന്‍സ്‌പെക്ടര്‍മാരും തയ്യാര്‍.
സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ സ്ഥാപിച്ച ലോക്കര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എം രവീന്ദ്ര ഉദ്ഘാടനം ചെയ്യും. ഡിപ്പോസിറ്റ് സ്വീകരിക്കല്‍ മറ്റൊരു അസി.രജിസ്ട്രാര്‍ കെ. രാജഗോപാല്‍ നിര്‍വഹിക്കും. ഇന്‍സ്‌പെക്ടര്‍മാരായ വി. സുനില്‍ കുമാറും ബാബുരാജും അതു നോക്കിയിരിക്കും.
അടിമുടി അഴിമതിയും ആള്‍മാറാട്ടം നടത്തി വായ്പയെടുക്കലും വ്യവസ്ഥകള്‍ ലംഘിച്ചു വായ്പ നല്‍കലും നിയമവിരുദ്ധമായി വായ്പ അനുവദിക്കലും വായ്പ പുതുക്കലും ലോണുകള്‍ കിട്ടാക്കടങ്ങളായി പെരുകുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഈ സംഘത്തിലെന്ന് സഹകരണ വകുപ്പ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സഹകരണ സംഘത്തിന്റെ ഓഫീസ് കെട്ടിടം മാറ്റുമ്പോള്‍ വകുപ്പിന്റെ മുന്‍കൂര്‍ അനുമതി തേടണമെന്ന നിര്‍ദ്ദേശം അവഗണിച്ചും പൊതുജനങ്ങളുടെ പണം മുന്‍കൂര്‍ അനുമതി ഇല്ലാതെ ബാങ്കില്‍ നിന്നെടുത്തു ലോക്കര്‍ വാങ്ങിയതും ഇന്റീരിയര്‍ വര്‍ക്കിന് ഏഴു ലക്ഷം രൂപ ചെലവാക്കിയതും തിരിച്ചടക്കണമെന്നു നിര്‍ദ്ദേശിച്ച സ്ഥാപനത്തിന്റെ ലോക്കര്‍ സംഘം ഭാരവാഹികള്‍ അസിസ്റ്റന്റ് രജിസ്ട്രാറിനെ കൊണ്ട് തന്നെയാണ് ഉദ്ഘാടനം ചെയ്യിക്കുന്നത്. മുള്ളുകൊണ്ട് മുള്ളെടുക്കുന്ന പോലെ. ചടങ്ങ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 7നു രാവിലെ 11ന് ഉദ്ഘാടനം ചെയ്യുമെന്നും എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുമെന്നും ക്ഷണക്കത്തില്‍ പറയുന്നു. ഇവര്‍ക്കൊപ്പം 34 പേര്‍ പ്രസംഗിക്കാനുണ്ട്. അതിനിടെ സംഘത്തില്‍ നടന്ന സാമ്പത്തിക കൃത്രിമങ്ങളെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.