ചൈനയില്‍ മറ്റൊരു മാരക രോഗമായ എച്ച് എം പി വി (ഹ്യൂമന്‍മെറ്റാപ്ന്യൂമോവൈറസ്) രോഗാണുവിന്റെ നെഗറ്റീവ് സെന്‍സ് സിംഗിള്‍ സ്ട്രാന്‍ഡഡ് ആര്‍ എന്‍ എ വൈറസ് പ്രകടമായിരിക്കുകയാണ്. ഇത് ചൈനയില്‍ ആശങ്ക പരത്തിയിട്ടില്ലെന്നാണ് സൂചനയെങ്കിലും ഈ രോഗത്തിന്റെ ചൈനയിലെ വ്യാപനത്തെക്കുറിച്ചുള്ള സൂചനകള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ്.
കോവിഡ് -19 പകര്‍ച്ച വ്യാധിക്കു ശേഷമാണ് എച്ച് എം പി വി ചൈനയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ആശുപത്രികള്‍ ഈ രോഗം ബാധിച്ചവരെക്കൊണ്ടു നിറഞ്ഞു കവിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗം ബാധിച്ചു മരിച്ചവരെ സംസ്‌ക്കരിക്കുന്നതിന് പോലും ജനങ്ങള്‍ വിഷമിക്കുകയാണത്രെ. ഇന്‍ഫ്‌ളൂവന്‍സ്-എ, കോവിഡ്-19, എച്ച് എം പി വി എന്നിവ ചൈനയില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും ചൈനയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വിവരമില്ല.
ജീവ കോശത്തിനുള്ളില്‍ മാത്രമേ ഈ രോഗം വളരുകയും പ്രത്യുല്‍പ്പാദനം നടത്തുകയും ചെയ്യൂ. വിഷരോഗാണുവാണ് എച്ച് എം പി വി. പനിയും കുളിരുമാണ് ഈ രോഗം ബാധിക്കുന്നവരില്‍ കാണുന്ന പ്രാഥമിക ലക്ഷണം. ശ്വാസോഛ്വാസം ചെയ്യുമ്പോള്‍ ശ്വാസനാളത്തിലൂടെ വായു എത്തിച്ചേരുന്ന ശ്വാസകോശത്തിലാണ് ഈ രോഗം ബാധിക്കുക. തുടര്‍ന്നു ശ്വാസകോശ രോഗങ്ങള്‍ക്കു ഇത് കാരണമാവുന്നു. ശീതകാലത്തും വസന്തകാലത്തും (പൂക്കാലം) ആണ് ഈ രോഗം ഉണ്ടാവുക. 2001ല്‍ നെതര്‍ലാന്റിലാണ് ഈ രോഗം ആദ്യമായി കാണപ്പെട്ടത്. എന്നാല്‍ 1958 മുതല്‍ ഈ രോഗത്തിന്റെ സാന്നിധ്യം പലയിടങ്ങളിലും ഉണ്ടായിട്ടുണ്ടെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്.
എച്ച് എം പി വി രോഗ ലക്ഷണം
എച്ച് എം പി വി രോഗം ചുമയിലൂടെയാണ് മറ്റുള്ളവരിലേക്കു പകരുക. രോഗലക്ഷണമുള്ള ആളുകളോട് അടുത്ത് ഇടപഴകുന്നതുമൂലവും രോഗം പകരാവുന്നതാണ്.
ചുമ, പനി, മൂക്കടപ്പ്, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗാണു ബോധിച്ചാല്‍ മൂന്നു ദിവസത്തിനും ആറു ദിവസത്തിനുമിടയില്‍ രോഗ ലക്ഷണം പ്രകടമാവും. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇതു നീണ്ടു നില്‍ക്കും.
ഈ രോഗം ആര്‍ക്കൊക്കെയാണ് അപകടമുണ്ടാക്കുക?
ചെറിയ കുട്ടികള്‍, മുതിര്‍ന്ന വ്യക്തികള്‍, രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍, വിവിധ രോഗങ്ങള്‍കൊണ്ടു വിഷമിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഈ രോഗബാധ ഭീഷണിയാവുക. ശ്വാസകോശത്തില്‍ നിന്ന് ശരീരാവയവങ്ങളിലേക്കു പ്രാണവായു കൊണ്ടുപോവുന്ന ശ്വാസനാളങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്ന ബ്രോബൈറ്റിസ് രോഗം, ആസ്തമ രോഗമുള്ളവര്‍ക്ക് ആ രോഗത്തിന്റെ തീവ്രത, ചെവിക്കു രോഗങ്ങള്‍ എന്നിവയാണ് എച്ച് എം പി വി രോഗം മൂലം ഗുരുതരമാവുന്നത്.മാരകമായ ഈ രോഗത്തിനു കൃത്യമായ പ്രതിരോധ മരുന്നുകളോ, കുത്തിവയ്‌പോ കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഈ രോഗബാധ ഉണ്ടാവാതിരിക്കുന്നതിനോ അതിന്റെ തീവ്രത കുറക്കുന്നതിനോ നമുക്കു കഴിയും.
20 സെക്കന്റ് തുടര്‍ച്ചയായി സോപ്പും വെള്ളവുമുപയോഗിച്ചു കൈകള്‍ കഴുകയോ, ചുമയോ, മൂക്കൊലിപ്പോ ഉണ്ടാവുമ്പോള്‍ വായും മൂക്കും പൊത്തിപ്പിടിക്കുകയോ, മൂടുകയോ ചെയ്യുക, മാസ്‌ക് ഉപയോഗിക്കുക, രോഗ ബാധിതരുമായി അടുത്ത് ഇടപെടാതിരിക്കുക, കഴുകാത്ത കൈ കൊണ്ടു മുഖത്തു തൊടാതിരിക്കുക ഇത്തരം അസ്വസ്ഥതകളുണ്ടെന്നു തോന്നുമ്പോള്‍ വീട്ടില്‍ നിന്നു പുറത്തു പോവാതിരിക്കുക എന്നിവയാണ് രോഗം മൂര്‍ച്ഛിക്കാതിരിക്കാനും പടരാതിരിക്കാനുമുള്ള മുന്‍ കരുതലുകള്‍.