കാസര്‍കോട്: കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത മുന്‍ ഡിവൈഎഫ്‌ഐ നേതാവും അധ്യാപികയുമായ പുത്തിഗെ, ബാഡൂരിലെ സച്ചിതറൈയ്‌ക്കെതിരെ മഞ്ചേശ്വരം പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു.
ഇതോടെ സച്ചിതയ്‌ക്കെതിരായ തട്ടിപ്പു കേസുകളുടെ എണ്ണം 20 കവിഞ്ഞു. ബായാര്‍ ധര്‍മ്മത്തടുക്ക, കുറുവാജെയിലെ യുവതിയുടെ പരാതി പ്രകാരമാണ് സച്ചിതയ്‌ക്കെതിരെ മഞ്ചേശ്വരം പൊലീസ് ഏറ്റവും ഒടുവിലായി കേസെടുത്തത്. കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ സീനിയര്‍ ക്ലര്‍ക്കിന്റെ ജോലി വാഗ്ദാനം ചെയ്ത് 13,80,000 രൂപ തട്ടിയെടുത്തുവെന്നാണ് യുവതിയുടെ പരാതി. 2023 ഡിസംബര്‍ 13 മുതല്‍ 2024 ഏപ്രില്‍ 30 വരെയുള്ള കാലയളവിലായാണ് പണം നല്‍കിയതെന്നു പരാതിയില്‍ പറഞ്ഞു. സമാനമായ ഇരുപതോളം കേസുകളില്‍ പ്രതിയായ സച്ചിത അറസ്റ്റിലായി കണ്ണൂരിലെ വനിതാ ജയിലില്‍ റിമാന്റിലാണ്. സാമ്പത്തിക തട്ടിപ്പു കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് സച്ചിതയെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു.