അബുദാബി: കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ കോഴിക്കോടന്‍ ഫെസ്റ്റ് സീസണ്‍ -2, 4, 5 തിയതികളില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റില്‍ 200വോളം കലാകാരന്‍മാര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടി രാത്രി പന്ത്രണ്ടിന് അവസാനിക്കും. കോഴിക്കോടിന്റെ മഹിമ വിളിച്ചറിയിക്കുന്ന ഫെസ്റ്റില്‍ ഒപ്പന, കോല്‍ക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികള്‍, റോയല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങള്‍ എന്നിവക്ക് പുറമെ കൊതിയൂറുന്ന കോഴിക്കോടന്‍ വിഭവങ്ങളുടെ 30വോളം സ്റ്റാളുകളും ഉണ്ടാകും. ശനിയാഴ്ച രാത്രി ഏഴിന് ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഫാദര്‍ ഗീവര്‍ഗീസ്, സ്വാമി അഭിലാഷ് ഗോപി കുട്ടന്‍പിള്ള എന്നിവര്‍ മത സൗഹാര്‍ദ്ദ സദസില്‍ പങ്കെടുക്കും. കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ഡോക്യൂമെന്ററി ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കും. ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സംഘടിപ്പിക്കുന്ന ഫെസ്റ്റ് വീടില്ലാതെ കഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത മുന്‍ പ്രവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കും. പരിപാടിയുടെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായി കാര്‍ നല്‍കും. പതിമൂന്നോളം മണ്ഡലം കമ്മറ്റികളും 36 പഞ്ചായത്ത് മുനിസിപ്പല്‍ കമ്മറ്റികളുമുള്ള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്‌മ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓപ്പണ്‍ ഹാര്‍ട്ട് തിയേറ്റര്‍, സി.എച്ച് സെന്ററുമായി സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റര്‍ തുടങ്ങിയ പ്രധാനമാണ്. ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ പാചക മത്സരത്തില്‍ നിരവധി വനിതകള്‍ പങ്കെടുത്തതായി സംഘാടകര്‍ അറിയിച്ചു. കെ എം സി സി നേതാവ് യു അബ്ദുല്ല ഫാറൂഖി, ജില്ലാ പ്രസിഡന്റ് ജാഫര്‍ തങ്ങള്‍, സി.എച്ച്, അഷ്റഫ് നജാത്, മജീദ് അത്തോളി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുല്‍ ബാസിത് കായക്കണ്ടി, ബഷീര്‍ കപ്ലിക്കണ്ടി, നൗഷാദ് കൊയിലാണ്ടി, അഹല്യ ഗ്രൂപ്പ് സീനിയര്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ഷഹീര്‍ ഫാറൂഖി, ഷറഫ് കടമേരി പങ്കെടുത്തു.