ന്യൂഡല്‍ഹി: 2024 ലെ ദേശീയ കായിക അവാര്‍ഡുകള്‍ യുവജനകാര്യ, കായിക മന്ത്രാലയം പ്രഖ്യാപിച്ചു. മനു ഭാക്കര്‍, ഡി ഗുകേഷ്, ഹര്‍മന്‍പ്രീത് സിംഗ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡിന് അര്‍ഹരായി. അര്‍ജുന അവാര്‍ഡും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. 32 പേര്‍ക്കാണ് അര്‍ജുന അവാര്‍ഡ് ലഭിച്ചത്. മലയാളി ആയ സജന്‍ പ്രകാശിന് അര്‍ജുന അവാര്‍ഡ് ലഭിച്ചു. നീന്തല്‍ താരമാണ് സജന്‍ പ്രകാശ്. സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18-കാരന്‍ നേടി.
പാരിസ് ഒളിമ്പിക്സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. ഇന്ത്യയിലെ പരമോന്നത കായികബഹുമതിയാണ് ഖേല്‍രത്‌ന. കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വര്‍ഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വര്‍ഷത്തെ വിജയികളെ തെരഞ്ഞെടുക്കുന്നത്. 25 ലക്ഷം രൂപയാണ് ഖേല്‍ രത്‌ന പുരസ്‌കാരത്തില്‍ നല്‍കുന്നത്.
കായികലോകത്തെ സംഭാവനകള്‍ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് അര്‍ജുന അവാര്‍ഡ്.1961 ല്‍ തുടങ്ങിയതാണ് ഈ പുരസ്‌കാരം. 15,00,000 ഉം വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി നല്‍കുന്നു. ജനുവരി 17-ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ പ്രത്യേകം നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
