കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘത്തില്‍ കോടതി നിര്‍ദ്ദേശ പ്രകാരം സഹകരണ ജോയിന്റ് രജിസ്ട്രാരുടെ നേതൃത്വത്തില്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടു പിടിച്ചതിനു പിന്നാലെ ഇനിയും കണ്ടു പിടിക്കാന്‍ അതിലുമധികം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുണ്ടെന്നു സംഘം മുന്‍ ഡയറക്ടറും കുമ്പളയിലെ പ്രമുഖ വ്യവസായിയുമായ വിക്രം പൈ സഹ. ജോയിന്റ് രജിസ്ട്രാരെ അറിയിച്ചു.
സഹകരണ സംഘം സ്ഥാപിച്ചതു മുതല്‍ സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്പെക്ടര്‍മാരും ഓഫീസ് ഇന്‍സ്പെക്ടര്‍മാരും പരിശോധനയും ഓഡിറ്റിംഗും നടത്തി കൃത്രിമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും അസി. രജിസ്ട്രാരെയും ജോ.രജിസ്ട്രാരെയും അറിയിക്കാറുള്ളത് മറുപടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ അധികൃതര്‍ എന്തെങ്കിലും നടപടിയെടുത്തിരുന്നെങ്കില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സഹകരണ സംഘം കടുത്ത സാമ്പത്തിക ഭീഷണി നേരിടില്ലായിരുന്നുവെന്ന് നിവേദനത്തില്‍ അദ്ദേഹം പറഞ്ഞു.
സംഘം ജീവനക്കാരും പിഗ്മി കളക്ടര്‍മാരും ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി എടുത്ത വായ്പയെക്കുറിച്ച് അന്വേഷണ റിപ്പോര്‍ട്ട് മൗനം പാലിക്കുകയാണെന്നു വിശദീകരണം ആവശ്യപ്പെട്ട് ജോ.രജിസ്ട്രാര്‍ നല്‍കിയ കത്തിന് അദ്ദേഹം മറുപടി പറഞ്ഞു.
വ്യാപാര ലോണുകള്‍ നല്‍കേണ്ട സംഘം കാര്‍ഷിക ലോണുകളാണ് കൂടുതല്‍ നല്‍കിയിട്ടുള്ളതെന്നും പരിധികള്‍ കഴിഞ്ഞ വായ്പകളും ആ ജാമ്യത്തിലാണ് നല്‍കിയിട്ടുള്ളതെന്നും അത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ വായ്പകള്‍ കുടിശ്ശികയായി വീണ്ടും വീണ്ടും പുതുക്കിക്കൊടുത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച ഒരാളുടെ ലോണ്‍ പുതുക്കിക്കൊടുത്തിട്ടുണ്ടെന്ന് സഹ.വകുപ്പ് മേധാവികളെ വിക്രം പൈ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ അനുമതിയില്ലാത്ത ലോണിനും സംഘം അധികൃതര്‍ റിസ്‌ക് ഫണ്ട് എടുത്തിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറഞ്ഞു.
സംഘത്തിന്റെ മിനുട്സ് എഴുതുന്നത് പുറത്ത് നിന്നുള്ള ചിലര്‍ വന്നാണെന്നു അന്വേഷണ സംഘത്തെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജീവനക്കാരി അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. നിലവിലുള്ള ലോണുകള്‍ അത് നല്‍കിയവര്‍ തിരിച്ച് ഈടാക്കി ബാങ്കിന് മുതല്‍ക്കൂട്ടാക്കുമോ എന്ന് വിശദീകരണ യോഗത്തില്‍ അധികൃതരോടാരാഞ്ഞിട്ടുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ അത് ഈടാക്കുമോയെന്നും വിക്രം പൈ അധികൃതരോട് ആരാഞ്ഞു.