കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ കുണിയ ദേശീയപാതയുടെ നിയന്ത്രണം പന്നിക്കൂട്ടം ഏറ്റെടുത്തു. റോഡിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നതിന് പന്നിക്കൂട്ടം കനിവ് കാണിക്കണം എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുകയാണെന്ന് യാത്രക്കാര്‍ പറയുന്നു. പന്നികള്‍ റോഡില്‍ കൂട്ടം കൂടി നിന്ന് വണ്ടി തടയുന്നത് യാത്രക്കാര്‍ക്ക് കൗതുകമായിട്ടുണ്ട്. ചിലര്‍ പന്നിക്കൂട്ടത്തിന്റെ വീഡിയോ മൊബൈലില്‍ ചിത്രീകരിച്ച് ഷെയര്‍ ചെയ്തു. നവോദയ സ്‌കൂളിനും പെരിയ സഹകരണ ബാങ്കിന്റെ കുണിയ ശാഖക്കും ഇടയിലുള്ള സ്ഥലത്താണ് ബുധനാഴ്ച രാത്രി പന്നിക്കൂട്ടം എത്തിയത്. ദേശീയപാത നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഇവിടം ഗതാഗതം പൂര്‍ണമായും സര്‍വീസ് റോഡു വഴിയാണ്. അതിനാല്‍ പന്നിക്കൂട്ടത്തിന്റെ സാന്നിധ്യം അപകടത്തിന് ഇടയാക്കുമെന്ന് യാത്രക്കാര്‍ക്ക് ആശങ്കയുണ്ട്. കുണിയ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട നിലയില്‍ കാട്ടുപന്നികളെ കാണാറുണ്ടെങ്കിലും അവ കൂട്ടത്തോടെ എത്തിത്തുടങ്ങിയത് വിനാശത്തിന്റെ ലക്ഷണമായി യാത്രക്കാര്‍ കാണുന്നുണ്ട്. സമീപപ്രദേശങ്ങളായ ആയംപാറ, കപ്പണക്കാല്‍, കൊട്ടപുഞ്ച, കാലിയടുക്കം, തോക്കാനം, കീക്കാനം ഭാഗങ്ങളിലും പന്നി ശല്യം രൂക്ഷമാണ്. പന്നികളെ ഭയന്ന് കൃഷിയിറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാര്‍ പരിതപിക്കുന്നു.
