കാസര്‍കോട്: കരള്‍ രോഗം ബാധിച്ച വലിയപറമ്പ മാടക്കാലിലെ 13 കാരന്‍ ദില്‍ജിത്ത് ബാല മരണത്തിന് കീഴടങ്ങി. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവയ്ക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാട് കൈകോര്‍ത്ത് ശസ്ത്രക്രിയക്കാവശ്യമായ തുക കണ്ടെത്തിയിരുന്നു. എന്നാല്‍ ആരോഗ്യ സ്ഥിതി മോശമായതിനാല്‍ കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ മാറ്റിവയ്ക്കുകയായിരുന്നു. ഇളമ്പച്ചി ഗുരു ചന്തു പണിക്കര്‍ സ്മാരക ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വ്യാഴാഴ്ച രാവിലെ നാട്ടിലെത്തിച്ച മൃതദേഹം ഗുരു ചന്തു പണിക്കര്‍ സ്‌കൂളിലും തുടര്‍ന്ന് മാടക്കാല്‍ സ്‌കൂളിലും പൊതുദര്‍ശനത്തിന് വച്ചു. മാടക്കാലിലെ മത്സ്യത്തൊഴിലാളി പ്രവീണിന്റെയും ഗീതയുടെയും മകനാണ് ദില്‍ജിത്ത്.
