കൊല്ലൂർ: കൊല്ലൂർ മൂകാംബിക ക്ഷേത്രം മുൻ തന്ത്രി മഞ്ജുനാഥ അഡിഗ (64) കുഴഞ്ഞുവീണു മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അഡിഗയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു. ക്ഷേത്രം ട്രസ്റ്റി ബോർഡ് അംഗമായിരുന്നു. നിലവിലെ തന്ത്രിയും മുഖ്യ അർച്ചകനുമായ നിത്യാനന്ദ അഡിഗയുടെ പിതാവാണ്. കൊല്ലൂരിൽ എത്തുന്ന ആയിരക്കണക്കിന് മലയാളിഭക്തർക്ക് അടുത്ത ബന്ധമുള്ള തന്ത്രിയായിരുന്നു മഞ്ജുനാഥ അഡിഗ. പതിനായിരത്തിൽ പരം ചണ്ഡികാ യാഗങ്ങൾക്ക് കാർമ്മികത്വം വഹിച്ചിട്ടുണ്ട്. മംഗള ഗൗരിയാണ് ഭാര്യ. സംസ്കാരം ഉച്ചയോടെ നടന്നു. മരണത്തിൽ എംപി ബിവൈ രാഘവേന്ദ്ര, ബൈന്ദൂര്‍ എംഎൽഎ ഗുരുരാജ് ഗാന്ദിഗോളെ, കോട്ട ശ്രീനിവാസ പൂജാരി, എംഎൽഎ കിരണ്‍ കുമാര്‍ കൊഡ്ഗി തുടങ്ങിയ നിരവധി പേര്‍ അനുശോചിച്ചു.
