ന്യൂഡല്‍ഹി: രാജ്യത്തെ ഹോട്ടല്‍-റസ്റ്ററന്റ് മേഖലയ്ക്ക് ആശ്വാസം പകര്‍ന്ന്, പുതുവത്സര ദിനത്തില്‍ വാണിജ്യ എല്‍.പി.ജി സിലിണ്ടറുകളുടെ വില കുറച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. പുതിയ നിരക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന് 1,804 രൂപയാണ് വില. പുതിയ നിരക്കുകള്‍ ഇന്ന്, ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേ സമയം 14.2 കിലോഗ്രാം സിലിണ്ടറുകളുടെ വിലയിലും, ഗാര്‍ഹിക എല്‍.പി.ജി വിലയിലും മാറ്റങ്ങളില്ല. നിലവില്‍ വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചത് ഹോട്ടല്‍-റസ്റ്ററന്റ് ബിസിനസുകള്‍ക്ക് ആശ്വാസം പകരുന്ന നടപടിയാണ്.
തുടര്‍ച്ചയായ അഞ്ച് മാസങ്ങളിലെ വില വര്‍ധനവിന് ശേഷമാണ് ഇപ്പോള്‍ വാണിജ്യ സിലിണ്ടറുകളുടെ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്. 2024 ആഗസ്റ്റ് മുതല്‍ ഇത്തരത്തില്‍ 172.50 രൂപയാണ് എല്‍.പി.ജി വില വര്‍ധിച്ചത്. ഇക്കാലയളവില്‍ ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.
എല്‍.പി.ജിക്ക് പുറമെ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ വില 1.54 % കുറച്ച് കിലോ ലിറ്ററിന് 1,401.37 രൂപയാണ് കുറവ് വന്നിരിക്കുന്നത്. നിലവില്‍ ഡല്‍ഹിയില്‍ ഒരു കിലോ ലിറ്റര്‍ ഏവിയേഷന്‍ ഫ്യുവലിന് 90,455.47 രൂപയാണ് വില. എല്ലാ മാസവും രാജ്യത്തെ എണ്ണക്കമ്പനികള്‍ പാചക വാതകത്തിന്റെ വില പുതുക്കി നിശ്ചയിക്കാറുണ്ട്. ആഗോള വിപണിയിലെ ഗതിവിഗതികള്‍ക്ക് അനുസൃതമായിട്ടാണ് ഇവിടെയും വിലയില്‍ മാറ്റം നടപ്പാക്കുന്നത്. ഇത് കൂടാതെ വിനിമയ നിരക്കുകളിലെ മാറ്റവും വിലയില്‍ പ്രതിഫലിക്കുന്നു.
ഫെബ്രുവരി 1ാം തിയ്യതി അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ പെട്രോളിയം ഉല്പന്നങ്ങളുടെ നികുതിയില്‍ ഇളവ് വരുത്തുമെന്ന പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പെട്രോളിയം ഉല്പന്നങ്ങളുടെ എക്‌സൈസ് ഡ്യൂട്ടിയില്‍ കുറവ് വരുത്തണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ അനുകൂല നടപടിയുണ്ടാകുമെന്നാണ് കരുതുന്നത്.
