മീററ്റ്: തന്റെ ഫോണില്‍ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തതിലെ വിരോധത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി സഹപാഠിയെ അടിച്ചു കൊന്നു. കഴിഞ്ഞ ദിവസം മീററ്റിലാണ് സംഭവം. ട്യൂഷന്‍ സെന്ററിലേക്ക് പോയ മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടിയാണ് ലഭിച്ചത്. മാതാപിതാക്കള്‍ ട്യൂഷന്‍ സെന്ററില്‍ അന്വേഷിച്ചപ്പോള്‍ അവിടെ എത്തിയിട്ടില്ലെന്നു അറിയിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ കാണാതായ വിദ്യാര്‍ത്ഥി അവസാനമായി കണ്ടത് സഹപാഠിയായ സുഹൃത്തിനെയാണെന്നു വ്യക്തമായി. സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തന്റെ മൊബൈല്‍ ഫോണ്‍ വില്‍ക്കുകയാണെന്നു പറഞ്ഞ് പ്രതിയായ കുട്ടി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ഭക്ഷണം കഴിച്ചും സംസാരിച്ചും അല്‍പസമയം ചെലവഴിച്ചു. തുടര്‍ന്ന് ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്ന് മീററ്റ് പൊലീസ് വ്യക്തമാക്കി.
