പാറമേക്കാവ്, തിരുവമ്പാടി വേല: വെടിക്കെട്ടുകൾക്ക് അനുമതിയില്ല; തേക്കിൻകാട് മൈതാനം സുരക്ഷിതമല്ലെന്ന് റിപ്പോർട്ട്, തടസമായത് പുതിയ നിയമ ഭേദഗതി

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രത്തിലെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചു. പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. തൃശൂര്‍പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനത്താണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ നിയമപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്. പൊലീസ്, ഫയർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് എഡിഎം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരിക്കുന്നത്. കേന്ദ്ര സ്ഫോടകവസ്തു നിയമത്തിലെ പുതിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ലെന്നു ജില്ലാ ഫയർ ഓഫിസർ റിപ്പോർട്ട് നൽകുകയായിരുന്നു. പ്രദർശന സ്ഥലത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമില്ലാത്ത വിധം വെടിക്കെട്ട് പ്രദർശനം നടത്താനുള്ള സാഹചര്യമില്ലെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.അതേസമയം വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചതു ഗൗരവമായാണ് കാണുന്നതെന്നും ഈ സ്ഥിതി തുടർന്നാൽ തൃശൂർ പൂരം വെടിക്കെട്ടും ഇല്ലാതാക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. വർഷങ്ങളായി നടന്നുവരുന്ന വേലകളുടെ വെടിക്കെട്ടാണു പാടില്ലെന്നു പറയുന്നതെന്നും ക്ഷേത്രാചാരങ്ങളും പാരമ്പര്യവും തടസ്സപ്പെടുമ്പോൾ ഇടപെടാൻ ആരുമില്ലെന്നും തിരുവമ്പാടി ദേവസ്വവും അഭിപ്രായപ്പെട്ടു.ജനുവരി 3നാണ് പാറമേക്കാവ് ക്ഷേത്രത്തിലെ വേല. 5ന് തിരുവമ്പാടി ക്ഷേത്രത്തിലെ വേലയും നടക്കും. അനധികൃത വെടിക്കെട്ടു പ്രദർശനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നടപടി സ്വീകരിക്കണമെന്നും എഡിഎമ്മിന്റെ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page