കാസര്‍കോട്: അന്തരിച്ച മലയാള സാഹിത്യ കുലപതി എംടി വാസുദേവന്‍ നായരെയും ലോകപ്രശസ്ത തബല വിദ്ഗധന്‍ ഉസ്താദ് സാക്കിര്‍ ഹുസൈനെയും അനുസ്മരിച്ച് മൊഗ്രാലിലെ സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ്.
എംടി മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ വിവരിച്ചും സാക്കിര്‍ ഹുസൈനോടുള്ള കടപ്പാടോടെ ഷേഹ്‌നായി വായിച്ചും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ പഠന കേന്ദ്രം സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് മൊഗ്രാലില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി വേറിട്ടതായി.
എഴുത്തും, സിനിമയും തുടങ്ങി എല്ലാ മേഖലകളിലും മലയാളത്തിന്റെ സൗഭാഗ്യമായി ശോഭിച്ച സാഹിത്യകാരനായിരുന്നു എംടി വാസുദേവന്‍ നായറെന്ന് കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് എ.എസ് മുഹമ്മദ് കുഞ്ഞി അനുസ്മരിച്ചു. സംഗീത ലോകത്തെ ഹൃദയ താളമായിരുന്നു ഉസ്താദ് സാക്കിര്‍ ഹുസൈനെന്ന് ഡോ.ഉസ്താദ് ഹസ്സന്‍ ബായ് അനുസ്മരിച്ചു. ഉസ്താദ് സാക്കിര്‍ ഹുസൈനോടുള്ള ആദരസൂചകമായി തബല, പുല്ലാങ്കുഴല്‍, ഷേഹ്നായി വായിച്ചും ഡോ.ഉസ്താദ് ഹസ്സന്‍ ബായിയുടെ വേറിട്ട പ്രകടനം കാഴ്ച വച്ചു. ആധുനിക ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശില്പിയും രാജ്യത്തെ വന്‍ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുകകയും ചെയ്ത കഴിവുറ്റ ഭരണാധികാരിയായിരുന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണം ഇന്ത്യയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വ്യവസായ പ്രമുഖന്‍ എം.എ ഹമീദ് അനുസ്മരിച്ചു.
ചടങ്ങില്‍ കുമ്പളയിലെ തബല ആര്‍ട്ടിസ്റ്റ് ദാമോദരനെ ഹസ്സന്‍ ബായ് ഷാള്‍ അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ കണ്‍വീനര്‍ കെഎം മുഹമ്മദ് സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ബഷീര്‍ അഹമ്മദ് സിദ്ദീഖ് അധ്യക്ഷത വഹിച്ചു. എം മാഹിന്‍ മാസ്റ്റര്‍, ഹമീദ് പെര്‍വാഡ്, എസ് കെ ഇഖ്ബാല്‍, അഹമ്മദലി കുമ്പള, എംഎം റഹ്‌മാന്‍, എംഎ മൂസ, താജുദ്ദീന്‍ മൊഗ്രാല്‍, ആര്‍ട്ടിസ്റ്റ് മൊയ്തീന്‍, നീന്തല്‍ പരിശീലകന്‍ എംഎസ് മുഹമ്മദ് കുഞ്ഞി, എംഎസ് അഷ്റഫ്, ടിഎ ജലാല്‍, ബികെ കലാം സംസാരിച്ചു. കെ.വി അഷ്‌റഫ് നന്ദി പറഞ്ഞു.