കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി കേള്‍ക്കാന്‍ കാത്ത് കാസര്‍കോട്. രണ്ടുവര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിധി പ്രസ്താവന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പട്രോളിംഗ് നടക്കുന്നു. കല്യോട്ട് വെള്ളിയാഴ്ച വൈകുന്നേരം നൂറോളം പൊലീസുകാരെ അണിനിരത്തി റൂട്ട് മാര്‍ച്ച് നടത്തി. കല്യോട്ടും പെരിയയിലും പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടയില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ സികെ ശ്രീധരനെതിരെ കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്നു. സികെ ശ്രീധരന്‍ പാര്‍ട്ടിയോട് ചതി ചെയ്തതായും ഇത്തരക്കാര്‍ നാടിനു ആപത്താണെന്നും ഇരട്ടക്കൊലക്കേസ് വിധിയോടെ അദ്ദേഹത്തിനു വക്കീല്‍ പണി നിര്‍ത്തേണ്ടി വരുമെന്നും കൃഷ്ണന്‍ ആരോപിച്ചു.
ഇരട്ടക്കൊലക്കേസ് വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സികെ ശ്രീധരന്റെ കാഞ്ഞങ്ങാട്ടുള്ള വീട് പൊലീസ് നിരീക്ഷണത്തിലാണ്.