കാസര്‍കോട്: കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍ ആവശ്യപ്പെട്ടു. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ല. എങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്. കുറ്റക്കാരാണെന്നു കണ്ടെത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം-കൃപേഷിന്റെ മാതാവ് ബാലാമണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ പ്രതികളെയും ശിക്ഷിക്കുമെന്നാണ് കരുതിയിരുന്നതെന്ന് ശരത്‌ലാലിന്റെ മാതാവ് ലത പ്രതികരിച്ചു. കോടതിവിധി വന്നതിന് തൊട്ടുപിന്നാലെ സ്മൃതി മണ്ഡപത്തിലെത്തി ലത പുഷ്പാര്‍ച്ചന നടത്തി. 14 പ്രതികള്‍ക്കും കടുത്ത ശിക്ഷ ലഭിക്കണമെന്ന് കേസിലെ സാക്ഷികളില്‍ ഒരാളായ ശരത്‌ലാലിന്റെ സഹോദരി പ്രതികരിച്ചു. 10 പേരെ വെറുതെ വിട്ടതിനെതിരെ നിയമപരമായി കാര്യങ്ങള്‍ ആലോചിക്കുമെന്നും സഹോദരി വ്യക്തമാക്കി.