കാസര്‍കോട്: മണല്‍ കടത്ത് കേസുകളില്‍ കര്‍ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. കയ്യൂര്‍ മയ്യല്‍ സ്വദേശി കെ. മനോജിനെ(34)യാണ് ചന്തേര എ.എസ്.ഐ കെ. ലക്ഷ്മണനും സംഘവും പിടികൂടിയത്. 2016-ല്‍ വാഹന ഇടപാടില്‍ വഞ്ചനാകുറ്റത്തിനും 2017-ല്‍ അനധികൃത മണല്‍ കടത്ത് കേസിലും പ്രതിയായ ഇയാള്‍ പൊലീസിന് പിടികൊടുക്കാതെ കര്‍ണാടകയിലെ കുടക് ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.