കാസര്‍കോട്: പുതുവത്സരാശംസകളുടെ മറവില്‍ സൈബര്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇത് സംബന്ധിച്ച സൈബര്‍ പൊലീസ് പ്രത്യേക ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ”അടുത്ത കുറച്ചു ദിവസങ്ങളില്‍ സൈബര്‍ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പിലേക്ക് പുതുവത്സരാശംസകള്‍ അയക്കാന്‍ കഴിയും. അതില്‍ ഒരു പുതിയ എ.പി.കെ ഫയലും ലിങ്കും അടങ്ങിയിരിക്കും. നിങ്ങളുടെ പേരില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പുതുവത്സരാശംസകള്‍ അയക്കാം. നിങ്ങള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ കാര്‍ഡ് ലഭിക്കാന്‍ ഇതോടൊപ്പം ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുകയെന്നു പരാമര്‍ശിക്കും”- സൈബര്‍ സെല്ലിന്റെ ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു. ഇത്തരമൊരു ലിങ്ക് ലഭിച്ചാല്‍ അതില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പില്‍ പറഞ്ഞു.
ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സൈബര്‍ കുറ്റവാളികള്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും ആക്‌സസ് അവരിലേക്ക് പോവുകയും ചെയ്യും. ഇതോടെ ലിങ്ക് ക്ലിക്ക് ചെയ്യുന്നവരുടെ മൊബൈല്‍ ഡാറ്റ, ഗ്യാലറി, കോണ്‍ടാക്ട് നമ്പറുകള്‍ മോഷ്ടിക്കപ്പെടാനും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തുമെന്നും ആരും തട്ടിപ്പില്‍ കുരുങ്ങരുതെന്നും സൈബര്‍ പൊലീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഹാപ്പി ന്യൂ ഇയര്‍ റെഡിമെയ്ഡ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.