കണ്ണൂര്‍: ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ റെയില്‍ പാളത്തിനിടയില്‍ കിടന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആള്‍ക്ക് 1000 രൂപ പിഴ ശിക്ഷ. കണ്ണൂര്‍, പള്ളിക്കുന്ന് പന്നേന്‍പാറയിലെ പവിത്രനെയാണ് കണ്ണൂര്‍ റെയില്‍വേ കോടതി ആയിരം രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്. ഡിസംബര്‍ 23ന് ആണ് സംഭവം. മംഗ്‌ളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. ഇതിനിടയില്‍ ഇരു പാളങ്ങള്‍ക്കും ഇടയില്‍ കിടന്ന പവിത്രന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യുവാവ് കിടക്കുന്നതിന്റെയും ട്രെയിന്‍ കടന്നു പോകുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നു പവിത്രന്‍ റെയില്‍പാളത്തില്‍ കിടന്നിരുന്നതെന്നു പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ മദ്യലഹരിയില്‍ ആയിരുന്നില്ലെന്നും നടന്നു പോകുന്നതിനിടയില്‍ പെട്ടെന്ന് ട്രെയിന്‍ വന്നപ്പോള്‍ ജീവന്‍ രക്ഷാര്‍ത്ഥം പാളത്തിനിടയില്‍ കിടക്കുകയായിരുന്നുവെന്നാണ് പവിത്രന്‍ വിശദീകരിച്ചത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പവിത്രനെ കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് 1000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
