ഹൈദരാബാദ്: വനിതാ പൊലീസുകാരിയെയും സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ ആണ്‍ സുഹൃത്തിനെയും ദുരൂഹസാഹചര്യത്തില്‍ തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലുങ്കാന, ബിബിപേട്ട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതി, സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖില്‍ എന്നിവരെയാണ് എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിക്ക്‌നൂര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ സായികുമാറിനെയാണ് കാണാതായത്. ഇയാളുടെ മൃതദേഹവും എല്ലാറെഡ്ഡി തടാകത്തില്‍ ഉള്ളതായി സംശയിക്കുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്. മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റു വസ്തുക്കളും തടാകക്കരയില്‍ കണ്ടെത്തി. ശ്രുതിയുടെയും നിഖിലിന്റെയും മൃതദേഹങ്ങള്‍ വ്യാഴാഴ്ച രാവിലെയാണ് തടാകത്തില്‍ പൊങ്ങിയത്. സംഭവത്തില്‍ ദുരൂഹതയേറിയിട്ടുണ്ട്. മറ്റൊരു പൊലീസ് സ്റ്റേഷനിലെ എസ് ഐയായ സായ്കുമാറിന്റെ ഫോണ്‍ തടാകക്കരയില്‍ എത്തിയതാണ് സംശയത്തിനു ഇടയാക്കുന്നത്. ശ്രുതിയെയും നിഖിലിനെയും തടാകത്തില്‍ തള്ളിയിട്ട ശേഷം ഇയാള്‍ തടാകത്തില്‍ ചാടിയതായി സംശയിക്കുന്നു.
