ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51-ന് മരണം സ്ഥിരീകരിച്ചു. പ്രിയങ്ക ഗാന്ധി എം പി അടക്കമുള്ള കോൺഗ്രസിന്റെ നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിൽ പെട്ട ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബർ 26നാണ് ഡോ. മൻമോഹൻ സിംങ്ങിന്റെ ജനനം. 1948ൽ പഞ്ചാബ് സർവകലാശാലയിൽനിന്ന് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായി. തുടർന്ന് 1957ൽ ബ്രിട്ടനിലെ കേംബ്രിജ് സർവകലാശാലയിൽ പഠിച്ച് സാമ്പത്തികശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ഓണേഴ്സ് ബിരുദം നേടി. ഓക്സ്ഫഡ് സർവകലാശാലയിലെ നഫിൽഡ് കോളജിൽ ചേർന്ന് 1962ൽ സാമ്പത്തിക ശാസ്ത്രത്തിൽ ഡി.ഫിൽ പൂർത്തിയാക്കി.പഞ്ചാബ് സർവകലാശാലയിലും പ്രമുഖ ഉന്നതപഠന കേന്ദ്രമായ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലും അധ്യാപകനായി പ്രവർത്തിച്ചപ്പോഴുള്ള മെച്ചപ്പെട്ട പ്രകടനം അദ്ദേഹത്തെ അക്കാദമിക് രംഗത്തു ശ്രദ്ധേയനാക്കി. ഈ കാലഘട്ടത്തിൽ കുറച്ചു കാലം യു.എൻ.സി.ടി.എ.ഡി. സെക്രട്ടേറിയറ്റിലും പ്രവർത്തിച്ചു. ഇത് 1987നും 1990നും ഇടയിൽ ജനീവയിലെ സൗത്ത് കമ്മീഷന്റെ സെക്രട്ടറി ജനറൽ പദവിയിലെത്താനുള്ള വഴിയൊരുക്കി.1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.
