കാബൂള്‍: അഫ്ഗാനില്‍ ഇന്നലെ രാത്രി പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 15 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്.
പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍പ്പെട്ട അഫ്ഗാനിലെ ബര്‍മാല്‍ മുര്‍ഗ് ബസാര്‍ ബോംബാക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നു. ലാമന്‍ ഉള്‍പ്പെടെ മറ്റു ഏഴു ഗ്രാമങ്ങളും അക്രമത്തില്‍ ശിഥിലമായിട്ടുണ്ട്.
ബര്‍മാല്‍,പക്ടിക എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിക്കു അഫ്ഗാനിലെ താലിബാന്‍ മന്ത്രിസഭ പ്രതിരോധ മന്ത്രാലയം നീക്കമാരംഭിച്ചിട്ടുണ്ടെന്നു പറയുന്നു. അഫ്ഗാന്‍ മണ്ണും അഫ്ഗാന്റെ പരമാധികാരവും പരിരക്ഷിക്കാന്‍ അഫ്ഗാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പാക്കിസ്ഥാനെ മുന്നറിയിച്ചു. എന്നാല്‍ ആക്രമണത്തെ പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം അതിര്‍ത്തിക്കടുത്തുള്ള താലിബാന്‍ ഒളിത്താവളങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പാക് പ്രതിരോധ കാര്യാലയം പരോക്ഷമായി അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ താലിബാനികളും ടെഹ്‌റീക്-ഇ.-താലിബാന്‍ പാക്കിസ്ഥാനും അടുത്തിടെയായി പാക്കിസ്ഥാന്‍ സേനക്കെതിരെ അക്രമം കടുപ്പിച്ചിരിക്കുകയാണെന്നും അക്രമത്തിനു ശേഷം ഇവര്‍ അഫ്ഗാന്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ തമ്പടിക്കുകയാണെന്നും പാക്കിസ്ഥാന്‍ ആരോപിച്ചു. ഇത്തരക്കാര്‍ക്കു അഫ്ഗാന്‍ അഭയം നല്‍കുന്നു.
പാക്കിസ്ഥാനിലെ ആദിവാസി മേഖലകളില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തുന്ന നിരന്തര അക്രമങ്ങളെ തുടര്‍ന്നു പലായനം ചെയ്ത് അഫ്ഗാന്‍ അതിര്‍ത്തി പ്രദേശങ്ങളിലെത്തിയ വസിരിസ്ഥാനി അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളിലാണ് പാക്കിസ്ഥാന്‍ വ്യോമാക്രമണം ഉണ്ടായത്.