കാസര്‍കോട്: ബാങ്കില്‍ അടയ്ക്കാനായി കൊണ്ടു വന്ന നോട്ടു കെട്ടില്‍ കള്ളനോട്ടുകള്‍. കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യാ ബ്രാഞ്ചിലാണ് കള്ളനോട്ടുകള്‍ പിടികൂടിയത്. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പേരില്‍ ഉള്ള അക്കൗണ്ടില്‍ അടയ്ക്കാനായി ഇ.കെ മുനീര്‍ എന്നയാള്‍ കൊണ്ടുവന്ന 1,54,200 രൂപയില്‍ 500 രൂപയുടെ അഞ്ചുനോട്ടുകളാണ് കണ്ടെത്തിയത്. കള്ളനോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ട വിവരം ബാങ്ക് മാനേജര്‍ നീലേശ്വരം, ചാമക്കുഴിയിലെ ലതിക ടൗണ്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി കള്ള നോട്ടുകള്‍ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
