ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് നീര്‍ച്ചാല്‍ 18-ാം വാര്‍ഡിലെ വികസനങ്ങളെക്കുറിച്ചു പഞ്ചായത്ത് അധികൃതര്‍ വിശദീകരിക്കാന്‍ ശ്രമിക്കവെ, ചിമ്മിനടുക്ക-ബൊളച്ചു-കുഞ്ചാര്‍ റോഡ് മുതല്‍ ഭരണനേട്ടം പറഞ്ഞു തുടങ്ങണമെന്നു ഗ്രാമസഭാംഗങ്ങള്‍ ആവശ്യപ്പെട്ടു.
പ്രസ്തുത റോഡ് ഉടന്‍ റീടാര്‍ ചെയ്യുമെന്ന് അധികൃതര്‍ വിശദീകരിച്ചതു കൂടുതല്‍ വിവാദങ്ങള്‍ക്കിടയാക്കുകയും ബഹളത്തിനിടയില്‍ യോഗം പിരിച്ചു വിട്ടു പഞ്ചായത്തു പ്രസിഡന്റും വാര്‍ഡു മെമ്പറും മടങ്ങുകയും ചെയ്തു. 12 വര്‍ഷമായി പഞ്ചായത്ത് അധികൃതര്‍ ഗ്രാമസഭയില്‍ വന്നു ഈ റോഡ് ഉടന്‍ റീടാര്‍ ചെയ്യുമെന്ന് പതിവായി പറഞ്ഞു കൊണ്ടിരിക്കുകയാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ അതേ വാഗ്ദാനം വീണ്ടുമാവര്‍ത്തിക്കുന്നതു നാട്ടുകാരെ പരിഹസിക്കാനാണെന്ന് അവര്‍ പറഞ്ഞു.
അധികൃതരുടെ നിരന്തരമായ ഉറപ്പിനിടയില്‍ നാലു കിലോമീറ്ററുള്ള ഈ റോഡില്‍ ഓട്ടോ പോലും ഓടാതെയായെന്നു നാട്ടുകാര്‍ പറഞ്ഞു. രോഗികളും കര്‍ഷകരും തൊഴിലാളികളുമൊക്കെയാണ് ഇവിടുള്ളത്. അവര്‍ക്കു യാത്ര ചെയ്യാന്‍ പോലും വിഷമിക്കേണ്ടി വരുകയാണ്. റോഡ് റീടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയ ശേഷം ഗ്രാമസഭ നടത്തിയാല്‍ മതിയെന്നും അല്ലെങ്കില്‍ അതൊരു വര്‍ഷത്താല്‍ നടത്തി വരുന്ന ആചാരമായിപ്പോവുമെന്നും നാട്ടുകാര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ശാന്തയും മെമ്പര്‍ അബ്ദുല്‍ റഹ്‌മാനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
അതേ സമയം റോഡ് റീടാര്‍ ചെയ്യുന്നതിനു പല തവണ ടെണ്ടര്‍ വച്ചിരുന്നുവെന്നു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ബാസ് പറഞ്ഞു. കരാറെടുക്കാന്‍ കരാറുകാര്‍ തയ്യാറാവാത്തതിനാലാണ് റോഡ് ടാര്‍ ചെയ്യാന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒടുവില്‍ പ്രസിഡന്റും താനും ഒരു കരാറുകാരനെ സമീപിച്ചു പണി ഏറ്റെടുത്തു നടത്തണമെന്നാവശ്യപ്പെടുകയും കരാറുകാരന്‍ അതു സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ചെയ്യുന്ന പണിക്കു പണം കിട്ടാത്തതിനാലാണ് കരാറുകാര്‍ പഞ്ചായത്തു പണികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
