-പി പി ചെറിയാന്‍
ബ്രൂക്ലിന്‍(ന്യൂയോര്‍ക്): ഞായറാഴ്ച പുലര്‍ച്ചെ എഫ് ട്രെയിനില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ ജീവനോടെ കത്തിച്ചു. ന്യൂയോര്‍ക് പൊലീസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ ഫോട്ടോകളില്‍ നിന്ന് ന്യൂയോര്‍ക്കുകാര്‍ അക്രമിയെ തിരിച്ചറിയുകയും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ട്രാന്‍സിറ്റ് ഓഫീസര്‍മാര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസ് മേധാവി ബ്രൂക്ലിന്‍ കസ്റ്റഡിയിലുള്ള ഡീന്‍ മോസസിന്റെ ഫോട്ടോ പുറത്തുവിട്ടു.
ഡിസംബര്‍ 22ന് രാവിലെ 7.30ന് കോണി ഐലന്‍ഡിലെ സ്റ്റില്‍വെല്‍ അവന്യൂ സബ്വേ സ്റ്റേഷനില്‍ നിറുത്തിയിട്ടിരുന്ന എഫ് ട്രെയിനിലാണ് ദാരുണമായ സംഭവം നടന്നത്.
വെന്തു മരിച്ച പെണ്‍കുട്ടി ട്രെയിനില്‍ ഉറങ്ങുകയായിരുന്നുവെന്നും ലൈറ്റര്‍ ഉപയോഗിച്ച് ഇവരുടെ വസ്ത്രത്തില്‍ തീയിടുകയായിരുന്നുവെന്നും ന്യൂയോര്‍ക് പൊലീസ് കമ്മീഷണര്‍ ജെസീക്ക ടിഷ് പത്രസമ്മേളനത്തില്‍ പറഞ്ഞു. തീ ആളിക്കത്തുന്നതു ട്രെയിനിന് പുറത്തുള്ള ബെഞ്ചില്‍ ഡീന്‍ മോസസ് നോക്കിയിരുന്നു. പുകയുടെ ഗന്ധം ശ്വസിച്ച് പട്രോളിംഗ് ഉദ്യോഗസ്ഥന്മാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചു. സ്ത്രീ പൂര്‍ണ്ണമായും തീപിടിച്ചതായി കണ്ടെത്തി, ഉടന്‍ തന്നെ തീ അണച്ചെങ്കിലും അതിനു മുമ്പെ പെണ്‍കുട്ടി മരിച്ചു.
കോണി ഐലന്‍ഡ്-സ്റ്റില്‍വെല്‍ അവന്യൂ-ചര്‍ച്ച് അവന്യൂ കിംഗ്‌സ് ഹൈവേ ട്രെയിന്‍ സര്‍വീസ് സംഭവത്തെത്തുടര്‍ന്നു ഉച്ച വരെ നിര്‍ത്തിവച്ചു.