കാസര്‍കോട്: ദേശീയപാത രാജകീയ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങുമ്പോള്‍ കാസര്‍കോട് നഗരത്തോടു ചേര്‍ന്ന മുനിസിപ്പാലിറ്റിയിലേയും സമീപ പ്രദേശങ്ങളിലേയും റോഡുകള്‍ അഗാധ കുഴികളായി മാറുന്നു.
വഴിതെറ്റി വന്ന മഴയെത്തുടര്‍ന്നാണ് വാഹനത്തിരക്കേറിയ മുനിസിപ്പാലിറ്റിയിലേയും മറ്റും റോഡുകളില്‍ നേരിയ കുഴികള്‍ രൂപപ്പെട്ടിരുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ ശുഷ്‌കാന്തിയും ആത്മാര്‍ത്ഥതയുമാണ് റോഡുകളില്‍ കുഴിയുണ്ടാക്കുന്നതെന്നു യാത്രക്കാര്‍ ആരോപണമുന്നയിക്കുകയും റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി സുഗമമമായ ഗതാഗതം ഉറപ്പാക്കാന്‍ അധികാരികളായ ജനപ്രതിനിധികള്‍ തയ്യാറാവണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു കുടത്തിന്റെ വായ അടക്കാമെന്നും നാട്ടുകാരുടെ മുഴുവന്‍ വായടക്കുന്നത് എങ്ങനെയാണെന്നും ജനപ്രതിനിധികള്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണെന്നു പറയുന്നു.
എന്തായാലും കാസര്‍കോട് ടൗണിലെ വിവിധ സ്ഥലങ്ങളിലും കറന്തക്കാട്, കെ പി ആര്‍ റാവു റോഡ്, പഴയ ബസ്സ്റ്റാന്റ് പരിസരം, മധൂര്‍ റൂട്ടിലെ ചൂരി എന്നിവിടങ്ങളിലും തിരക്കേറിയ റോഡുകള്‍ ഇത്തരത്തിലായിട്ടുണ്ട്. ഈ കുഴികള്‍ വാഹനങ്ങള്‍ വീണും കയറിയും വലുതായിക്കൊണ്ടിരിക്കുകയുമാണെന്നു നാട്ടുകാര്‍ പറയുന്നു. റോഡു മുഴുവന്‍ ഇത്തരത്തിലാവുമ്പോള്‍ റോഡു ഗതാഗതവും ജില്ലാ ആസ്ഥാനവും എത്ര മനോഹരമായിരിക്കുമെന്ന് കരുതുന്നവരും ഉണ്ട്.