കാസര്‍കോട്: പിലിക്കോട് ഏച്ചിക്കൊവ്വലില്‍ ബൈക്കിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു. കറുത്ത പള്‍സര്‍ ബൈക്കിലെത്തിയവരാണ് മോഷ്ടാക്കള്‍. ഇവര്‍ കോയമ്പത്തൂരില്‍ നിന്നാണ് കാസര്‍കോട് ജില്ലയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഈമാസം മൂന്നിനാണ് സംഘം കോയമ്പത്തൂരില്‍ നിന്ന് ജില്ലയിലേക്ക് പുറപ്പെട്ടത്. നീലേശ്വരത്ത് എത്തിയ സംഘം ഏഴാംതിയതി കണ്ണൂരിലേക്ക് പോകുന്ന വഴിയാണ് ഏച്ചിക്കൊവ്വലില്‍ വച്ച് പി ശാദരദയുടെ ഒന്നേമുക്കാല്‍ പവന്‍ സ്വര്‍ണമാല കവര്‍ന്നത്. പരാതിയെ തുടര്‍ന്ന് ചന്തേര എസ്.ഐ കെപി സതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. നൂറിലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചിരുന്നു. എസ്‌ഐയുടെ നേതൃത്വത്തില്‍ രഞ്ജി മൂത്തേടത്ത്, സുധീഷ് എന്നിവരാണ് രണ്ടാഴ്ചയോളം അന്വേഷണം നടത്തിയത്. ഏച്ചിക്കൊവ്വലില്‍ നിന്ന് രക്ഷപ്പെട്ട മോഷ്ടാക്കള്‍ പാലക്കാടും മോഷണ ശ്രമം നടത്തിയിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലാണ് സംഘം സംസ്ഥാനത്ത് കറങ്ങുന്നത്. ഇവര്‍ കോയമ്പത്തൂര്‍ സ്വദേശികളാണെന്ന് പൊലീസ് സംശയിക്കുന്നു.