സ്വര്‍ണ മോഷണം തൊഴിലാക്കിയ മൂന്നു യുവതികളെ പൊലീസ് പിടികൂടി. കര്‍ണാടക പുത്തൂരിലെ നഗരത്തില്‍ മോഷണം നടത്തിയവരാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്. മംഗളൂരുനീരുമാര്‍ഗയില്‍ താമസിക്കുന്ന വിദ്യ, ബംഗളൂരു രാജാജിനഗര്‍ സ്വദേശികളായ ജ്യോതി, യശോദ എന്നിവരെയാണ് പുത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ഈമാസം 13ന് നടന്ന സംഭവത്തില്‍ ഉപഭോക്താവെന്ന വ്യാജേന വിദ്യ എന്ന യുവതി കോടതി റോഡിലെ ജ്വല്ലറിയിലെത്തി 77,000 രൂപ വിലവരുന്ന മൂന്ന് സ്വര്‍ണമോതിരം കവരുകയായിരുന്നു. 19ന് മോഷണം നടന്നതായി മനസിലായതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച കടയുടമ ശിവപ്രസാദ് ഭട്ട് പൊലീസില്‍ പരാതി നല്‍കി. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയായ വിദ്യയെ പിടികൂടിയത്. 19ന് നടന്ന മറ്റൊരു സംഭവത്തില്‍ പുത്തൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഗോള്‍തമജലു ഗ്രാമത്തിലെ സരസ്വതിയുടെ ശ്രദ്ധ തിരിച്ചുവിട്ട് രണ്ട് സ്ത്രീകള്‍ അവരുടെ ബാഗില്‍ നിന്ന് 25,000 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. സരസ്വതി നല്‍കിയ പരാതിയിലാണ് ജ്യോതിയെയും യശോദയെയും പിടികൂടിയത്. മൂന്ന് യുവതികളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോര്‍ട്ട് റോഡിലെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ മോതിരങ്ങള്‍ മോഷ്ടിച്ച ശേഷം വിദ്യ അതേ റോഡിലെ മറ്റൊരു കടയില്‍ മോഷണം നടത്താന്‍ ശ്രമം നടത്തിയപ്പോഴാണ് കടയുടമ കൈയോടെ പിടികൂടിയത്. പിന്നീട് പൊലീസെത്തി ചോദ്യം ചെയ്തതോടെ നേരത്തെനടത്തിയ മോഷണം സമ്മതിച്ചു.
സ്വര്‍ണമോതിരം മോഷ്ടിക്കുമ്പോള്‍ കടയുടെ ട്രേയില്‍ വ്യാജ സ്വര്‍ണമോതിരം വയ്ക്കുന്നതാണ് വിദ്യയുടെ രീതി. വാങ്ങുന്നു എന്ന വ്യാജേന അവള്‍ മോതിരം ധരിക്കാന്‍ ശ്രമിക്കും. അതിനിടെ കൊണ്ടുവന്ന മുക്കുപണ്ടം പകരം വയ്ക്കും. കടയുടമ നടത്തിയ പരിശോധനയില്‍ ഡിസ്‌പ്ലേ ട്രേയില്‍ വ്യാജ മോതിരം കണ്ടെത്തിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തറിയുന്നത്.
