പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണകാരണം തലയ്ക്കും ഇടുപ്പിനുമേറ്റ പരിക്കു മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മുവിന്റെ ശരീരത്തില്‍ ഇരുപതോളം പരുക്കുകളുള്ളതായും വീഴ്ചയില്‍ കാല്‍മുട്ടിനും കൈതണ്ടയ്ക്കും പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിരലുകള്‍ക്ക് പൊട്ടലും സംഭവിച്ചിട്ടുണ്ട്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അമ്മു മരിച്ച ദിവസം ഭക്ഷണം കഴിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തിന്റെയും ആന്തരിക അവയവങ്ങളുടെയും സാമ്പിള്‍ ശേഖരിച്ച് രാസ പരിശോധനയ്കക്ക് അയച്ചിട്ടുണ്ട്. നവംബര്‍ 15നാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോവും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചെങ്കിലും ആത്മഹത്യയാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. മരണത്തില്‍ ചുട്ടിപ്പാറ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാര്‍ഥിനികളയും സസ്‌പെന്റ് ചെയ്തിരുന്നു.
