എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നിലയിൽ മാറ്റമില്ല; ഇന്ന് രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടും

കോഴിക്കോട്: എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില ഗുരുതരാവസ്ഥയില്‍ തന്നെ. ദിവസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംടിക്ക് ഹൃദയസ്തംഭനം ഉണ്ടായതായി വെള്ളിയാഴ്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ 11 മണിക്ക് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത് വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന എംടിയുടെ ഓക്സിജന്‍ ലെവല്‍ താഴെയാണെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നത്. ഓക്സിജന്‍ സപ്പോര്‍ട്ടിലാണ് എംടി ചികിത്സയില്‍ കഴിയുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എംടിയെ വിദഗ്ധ സംഘം നിരീക്ഷിച്ച് വരികയാണ്. എല്ലാവിധ ചികിത്സയും ഉറപ്പാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാസ്ക് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. കാർഡിയാക് ഐസിയുവിൽ ഉള്ള അദ്ദേഹം വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
ഈ മാസം 15നാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് എംടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം വിശ്രമത്തിലാണ്. ഒരുമാസം മുന്‍പ് ശ്വാസതടസ്സവും ന്യൂമോണിയയും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചികിത്സയെ തുടര്‍ന്ന് ന്യൂമോണിയ മാറി ആശുപത്രി വിട്ട എംടി വീട്ടില്‍ വിശ്രമജീവിതം നയിച്ച് വരികയായിരുന്നു. അതിനിടെയാണ് വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സാഹിത്യ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ആശുപത്രിയിൽ എത്തിയിരുന്നു. ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, എ.കെ.ശശീന്ദ്രൻ, ജെ.ചിഞ്ചുറാണി, എംഎൽഎമാർ, രാഷ്ട്രീയ നേതാക്കൾ, സിനിമ രംഗത്തെ പ്രമുഖർ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്.
അതിനിടെ എംടിയുടെ മകൾ അശ്വതിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിച്ചു. അശ്വതിയെ ഫോണിൽ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ചും ആരോഗ്യനിലയെ സംബന്ധിച്ചും രാഹുൽ ഗാന്ധി തിരക്കിയത്. എംടി എത്രയും വേഗം സുഖം പ്രാപിച്ച് പൂർണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നു രാഹുൽ ഗാന്ധി ആശംസിക്കുകയും ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page