കണ്ണൂര്‍: പിലാത്തറയില്‍ പിക്കപ്പ് വാനും ബുള്ളറ്റും കൂട്ടിയിടിച്ച് തൃക്കരിപ്പൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തൃക്കരിപ്പൂര്‍ കൊയോങ്കര സ്വദേശിയും കളപ്പുറം ഒറന്നിടത്ത് ചാലില്‍ താമസക്കാരനുമായ അപ്പു എന്ന ആദിത്യന്‍(20) ആണ് മരിച്ചത്. പിലാത്തറ സെന്‍ ജോസഫ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. ശനിയാഴ്ച പുലര്‍ച്ചെ 4.50 ഓടെയാണ് അപകടം. കണ്ണൂര്‍ ഭാഗങ്ങളില്‍ പച്ചക്കറി സാധനങ്ങള്‍ ഇറക്കി പയ്യന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനും പഴയങ്ങാടി റെയില്‍വേസ്റ്റേഷനിലേക്ക് പോവുകയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ആദിത്യന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പിക്കപ് വാന്‍ ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിലിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ശനിയാഴ്ച 11 മണിയോടെ സെന്റ് ജോസഫ് കോളേജില്‍ കൊണ്ടുവരും. 11.30ന് കോയങ്കരയിലും 12 മണിയോടെ ഒറന്നിടത്ത് ചാല്‍ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. തൃക്കരിപ്പൂര്‍ കൊയങ്കരയിലെ ജനാര്‍ദ്ദനന്റെയും പരേതയായ ജിജിയുടെ മകനാണ്. സഹോദരി നക്ഷത്ര.
