കല്‍പ്പറ്റ: മകനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ കടയില്‍ രണ്ടു കിലോ കഞ്ചാവ് വച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി, ചെറ്റപ്പാലം, വേമം, പുത്തന്‍ തറവാട്ടില്‍ അബൂബക്കറി (67) നെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്. മകന്‍ നൗഫലിന്റെ ഉടമസ്ഥതയില്‍ മാനന്തവാടി ടൗണിലുള്ള പി.എ ബനാന എന്ന സ്ഥാപനത്തിലാണ് അബൂബക്കര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു കിലോ കഞ്ചാവ് വച്ചത്. നൗഫല്‍ പള്ളിയില്‍ പോയ സമയത്ത് സുഹൃത്തുക്കളായ തട്ടിപ്പ് ഔത എന്ന ഔത, ജിന്‍സ് വര്‍ഗീസ് എന്നിവരുടെ സഹായത്തോടെയാണ് കഞ്ചാവ് വച്ചത്. ഈ വിവരം അബൂബക്കറിന്റെ സഹായികള്‍ തന്നെ എക്‌സൈസിനെ അറിയിക്കുകയും ചെയ്തു. എക്‌സൈസ് അധികൃതര്‍ കടയില്‍ നടത്തിയ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് കണ്ടെടുക്കുകയും കടയുടമയായ പി.എ നൗഫലിനെ അറസ്റ്റു ചെയ്യുകയും ചെയ്തു. തന്നെ കുടുക്കാന്‍ മറ്റാരോ ആണ് കഞ്ചാവ് കടയില്‍ വച്ചതെന്നു നൗഫല്‍ എക്‌സൈസിനു മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു. നൗഫല്‍ കടയില്‍ ഇല്ലാതിരുന്ന സമയത്ത് മറ്റാരോ ആണ് കഞ്ചാവ് വച്ചതെന്നു വ്യക്തമായി. അന്വേഷണം നടക്കുന്നതിനിടയില്‍ അബൂബക്കര്‍ കര്‍ണ്ണാടകയിലേക്ക് ഒളിവില്‍ പോവുകയും ചെയ്തു. കഴിഞ്ഞ ദിവസം പൊലീസ് കര്‍ണ്ണാടകയിലെത്തി ഇയാളെ അറസ്റ്റു ചെയ്തതോടെയാണ് കടയില്‍ നിന്നു കഞ്ചാവ് പിടികൂടിയതിന്റെ നിജസ്ഥിതി വ്യക്തമായതെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
