ന്യൂദെല്‍ഹി: കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ അജ്ഞാത സംഘം നടത്തിയ വെടിവെയ്പില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. രണ്ടു ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്, തിരുനെല്‍വേലി, മീനാക്ഷിപുരത്തെ വിഘ്‌നേഷ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കഴിഞ്ഞ ദിവസം നടന്ന സംഭവത്തെ കുറിച്ചുള്ള വിവരം ബുധനാഴ്ചയാണ് നാട്ടില്‍ ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനു സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ജില്ലാ കലക്ടര്‍ക്കു നിവേദനം നല്‍കി. തോക്കുധാരികളായ ഏതാനും പേര്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഇരച്ചു കയറി ജീവനക്കാര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നുവെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണവുമായാണ് അക്രമി സംഘം തിരികെ പോയതെന്നു കൂട്ടിച്ചേര്‍ത്തു.