കാസര്‍കോട്: ശബരിമല സീസണ്‍ തുടങ്ങിയതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. വാനോളം ഉയരത്തിലായി. അതേസമയം ക്രിസ്മസ്, ന്യൂ ഇയര്‍ അടുത്തതോടെ കോഴി വില വര്‍ദ്ധിപ്പിച്ചു.
അടുക്കളകളില്‍ മുരിങ്ങക്കായ ഇല്ലാതെയാണ് സാമ്പാര്‍ ഉണ്ടാക്കേണ്ടി വരുന്നതെന്ന് വീട്ടമ്മമാര്‍ പറയുന്നു. അത്തരത്തില്‍ വയ്ക്കുന്ന സാമ്പാറിനു രസക്കുറവുണ്ടെന്നു അവര്‍ തുടര്‍ന്നു പറഞ്ഞു. കുമ്പളയില്‍ മുരിങ്ങക്കായയുടെ നിലവിലെ വില 500 ല്‍ എത്തി നില്‍ക്കുന്നുണ്ട്. ഇത് വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂയര്‍ സീസണുകളെയും ബാധിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം മുന്നില്‍ കണ്ടുകൊണ്ട് കോഴി വില വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞാഴ്ച 95-100 രൂപ ഉണ്ടായിരുന്ന കോഴിക്ക് ഇന്നത്തെ വില 125-130രൂപയാണ്.
പച്ചക്കറി വിലയിലുണ്ടായ വന്‍ വിലക്കുതിപ്പിന് കാരണമായിരിക്കുന്നത് തമിഴ്‌നാട്ടിലെ പ്രളയക്കെടുതി തന്നെയാണ്. കൃഷിയൊക്കെ അവിടെ വെള്ളപ്പൊക്കത്തില്‍ മുങ്ങി. ഇത് നേരെയാക്കി എടുക്കാന്‍ സമയം ഏറെ പിടിക്കും. അതുകൊണ്ടുതന്നെ ഇത് ഏറെ ബാധിച്ചതു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ തന്നെയാണ്. കേരളം പഴം,പച്ചക്കറികള്‍ക്ക് ഏറെ ആശ്രയിക്കുന്നതും തമിഴ്‌നാടിനെയാണ്.
വിലക്കയറ്റം കുടുംബ ബഡ്ജറ്റുകളെ ഏറെ ബാധിച്ചിട്ടുണ്ട്. മുരിങ്ങക്കായ വില 500 കടന്നതോടൊപ്പം തക്കാളി, നീരുള്ളി, ക്യാരറ്റ്, ബീറ്റ് റൂട്ട്, വെണ്ട, കാബേജ് തുടങ്ങിയ പച്ചക്കറികള്‍ക്കും വില കൂടി വരുന്നുണ്ട്. നേന്ത്രപ്പഴത്തിനും, കദളി പ്പഴത്തിനും കഴിഞ്ഞ കുറെ ദിവസങ്ങളിലായി 60 -75 രൂപയില്‍ കുറവില്ല. ഇത് നേരത്തെ വര്‍ദ്ധിപ്പിച്ച വില തന്നെയാണ്. ക്രിസ്മസ് ന്യൂ ഇയര്‍ അടുത്തെത്തിയതോടെ പഴവര്‍ഗങ്ങള്‍ക്കും ഇനി വില കൂടാന്‍ സാധ്യത ഏറെയാണ്. മറ്റ് അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ നേരിയ വിലക്കയറ്റമുണ്ട്. വിപണിയില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നുമില്ലാത്തതും വിലക്കയറ്റത്തിനു സാഹചര്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
