കാസർകോട്: മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ വൻ കള്ളപ്പണം പിടികൂടി. ബസ്സിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 6,80,600 രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പഡാജെ പിലാങ്കട്ട സ്വദേശി മണിപ്രശാന്ത് (27)പിടിയിലായി. ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി ലഹരി കടത്ത് പിടികൂടുന്നതിനായി എക്സൈസ് അതിർത്തികളിൽ പരിശോധന നടത്തിവരുന്നതിനിടെയാണ് കള്ളപ്പണവും കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു എക്സൈസ് ചെക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ വി സുനീഷിന്റെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. കർണാടകയിൽ നിന്ന് കടത്താൻ ശ്രമിച്ച ഹവാല പണമാണ് പ്രൈവറ്റ് ബസ്സിൽ നിന്ന് കണ്ടെടുത്തത്. പിടിച്ചെടുത്ത പണവും പ്രതിയെയും പിന്നീട് മഞ്ചേശ്വരം പൊലീസിന് കൈമാറി. പ്രിവന്റീവ് ഓഫിസർ ബി എസ് മുഹമ്മദ് കബീർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജി എസ് ലിജു, ആർ കെ അരുൺ എന്നിരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.