‘ഇന്ന് ഡിസംബറല്ലേ, പോകുന്നില്ലേ?’
നമ്മുടെ നാട്ടിലെ സാധാരണക്കാരായ ആളുകള്‍ ഡിസംബര്‍ 20 ന്റെ രക്തസാക്ഷി ദിനത്തിന് പോകുന്നില്ലേന്ന് പരസ്പരം ചോദിക്കുന്നതിങ്ങനെയാണ്.
ഡിസംബര്‍ 20 എന്നൊന്നും പരസ്പരം പറയേണ്ട.
വെറും ഡിസംബറെന്ന് പറഞ്ഞാല്‍ തന്നെ എല്ലാ ഗ്രാമീണര്‍ക്കും കാര്യം മനസ്സിലാകും.
ഇത്തരം വര്‍ത്തമാനങ്ങള്‍ പണ്ടത്തെ കാലത്താണ് കേട്ടോ.
കരിവെള്ളൂര്‍ ഗ്രാമത്തിലെ മുക്കിലും മൂലയിലുമുള്ള ഗ്രാമീണര്‍ ഒരു മാസം മുന്‍പ് തന്നെ ഡിസംബര്‍ 20ന് പോകാനുള്ള ഒരുക്കം തുടങ്ങും.
ഗ്രാമത്തിലെ മുഴുവനാളുകളും കൂടിച്ചേരുന്ന ഒരു മഹാസംഗമമാണത്.
പരസ്പരം കാണാനും ജീവിതാനുഭവങ്ങള്‍ പങ്കുവെക്കാനുമുള്ള ഒരു സന്ദര്‍ഭം. ഗ്രാമത്തിന്റെ ഓരോ ഭാഗത്തുനിന്നും
ചെറു ജാഥകളായിട്ടാണ് അവിടേക്ക് ആളുകള്‍ പോവുക.
പുത്തൂര് , കുണ്ടു പൊയില്‍, ചീറ്റ , പെരളം ,കൊഴുമ്മല്‍, പലിയേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ചെറു ജാഥകളായി വന്ന് ഓണക്കുന്നില്‍ സംഗമിക്കും.
അവിടെ നിന്നാണ് പടുകൂറ്റന്‍ റാലിയായി കരിവെള്ളൂര്‍ ബസാറിലൂടെ കടന്നുപോവുക.
കരിവെള്ളൂര്‍ ടൗണും പരിസരങ്ങളും ആകെ ചെങ്കൊടികളും ഡെക്കറേഷനുകളും മണ്‍മറഞ്ഞുപോയ സഖാക്കളുടെ കട്ടൗട്ടും കൊണ്ടു നിറഞ്ഞു നില്‍ക്കും.
റോഡ് സൈഡിലൊക്കെ കച്ചവടം പൊടിപൊടിക്കും.
പെട്ടെന്ന് തട്ടിക്കൂട്ടുന്ന ഹോട്ടലുകളും നിരവധി ഉണ്ടാവും.
ആകെക്കൂടി ഒരു വലിയ ഉത്സവാന്തരീക്ഷം. തമ്പുരാന്റെ നെല്ലറകളിലേക്ക് കടത്തിക്കൊണ്ടു പോകുന്ന നെല്ല്,പട്ടിണി കിടക്കുന്ന ഗ്രാമ ജനതയ്ക്ക് വേണ്ടി ഇവിടെത്തന്നെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കുണിയന്‍ പുഴക്കരയില്‍ നടത്തിയ പോരാട്ടം.
അതില്‍ പോലീസിന്റെയും ഗുണ്ടകളുടെയും വെടിയേറ്റ് വീരമൃത്യു വരിച്ച സഖാക്കളെ ഓര്‍മിക്കുന്ന ദിനം.
ആ രക്തസാക്ഷികളുടെ സ്മരണകള്‍ ഇരുമ്പുന്ന കുണിയനിലേക്കുള്ള
റെഡ് വളണ്ടിയര്‍ മാര്‍ച്ചും തുടര്‍ന്ന് നടക്കുന്ന ബഹുജന റാലിയും ഏറെ ശ്രദ്ധേയമാണ്.
ഈ ദിനാചരണം രാഷ്ട്രീയം മറന്നുകൊണ്ട് ഗ്രാമത്തിലെ ജനങ്ങളെല്ലാം ഒപ്പം നിന്നാണ് നടത്തുക.
അന്നത്തെ വാദ്യ മേളങ്ങളോടുകൂടിയ ജാഥയും വെടിമരുന്ന് പ്രയോഗവുമൊക്കെ ഓര്‍മ്മയിലിന്നും ഒരു ചുവന്ന അടയാളമായി തങ്ങിനില്‍ക്കുന്നു.
അറുപതു കൊല്ലം മുമ്പുള്ള ഡിസംബര്‍ 20നെ കുറിച്ചാണ് ഞാനിവിടെ സൂചിപ്പിക്കുന്നത്.
അന്നത്തെ ഗ്രാമീണരുടെ രൂപവും ഭാവവും ഒക്കെ ഇപ്പൊ മാറി.
എങ്കിലും കുക്കാനത്ത് നിന്ന് ഡിസംബര്‍ 20ന് കരിവെള്ളൂരിലേക്ക് പോകുന്ന ചില സഹോദരിമാരെ ഞാനിപ്പോഴും ഓര്‍മക്കുന്നു.
എല്ലാ ഒരുക്കങ്ങളോടും കൂടിയാണ് അവരുടെ അന്നത്തെ യാത്ര.
പാര്‍ട്ടി വളപ്പില്‍ കിടന്നുറങ്ങാനുള്ള പായ തലയില്‍ ചുരുട്ടി വെച്ച് നടന്നുനീങ്ങുന്ന അവരുടെ ചിത്രം ഇപ്പോഴും കണ്മുന്നിലെന്ന പോലെ ഇടക്ക് തെളിയാറുണ്ട്.
പ്രകടനം കഴിഞ്ഞു പാര്‍ട്ടി വളപ്പില്‍ എല്ലാവരും ഒത്തുകൂടും.
സഖാവ് എ വി യുടെ ദീര്‍ഘമേറിയ പ്രസംഗമാണ് ആദ്യം നടക്കുക.
അത് കഴിഞ്ഞ് നാടകം.
നാടകം കഴിയാന്‍ ഏകദേശം പുലര്‍ച്ചയാകും.
അതിനാണ് പോകുമ്പോള്‍ പായ കൊണ്ട് പോകുന്നത്.
നാടകം കഴിഞ്ഞാല്‍ അവിടെ തന്നെയാവും കിടത്തം.
ഡിസംബര്‍ 21ന് രാവിലെയാവും എല്ലാവരും തിരിച്ചെത്തുക..
അന്നേ ദിവസം ദൂരസ്ഥലങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആ പരിപാടിയില്‍ പങ്കെടുക്കാനെത്തും. അവര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കരിവെള്ളൂരിലെ നാട്ടുകാര്‍ മത്സരമാണ്. സ്‌നേഹത്തിന്റെയും ഒരുമയുടേയും നന്മ നിറഞ്ഞ കാലം.
പട്ടിണിയും പരിവട്ടവുമാണെങ്കിലും മറ്റുള്ളവരെ സഹായിക്കാനും സഹകരിക്കാനും ഭക്ഷണം ഒരുക്കി കൊടുക്കാനും കരിവെള്ളൂര്‍ക്കാര്‍ സന്നദ്ധമായിരുന്നു.
ഇന്ന് ആ കഥയൊക്കെ മാറി.
പരിഷ്‌കൃത സമൂഹത്തിന്റെ മാറ്റങ്ങള്‍ ദിനാചരണങ്ങളിലും ദൃശ്യമാകാന്‍ തുടങ്ങി. എന്തു മാറ്റം വന്നിട്ടും 78 വര്‍ഷം പിന്നിട്ട കരിവെള്ളൂര്‍ സമരം ഇന്നും കെങ്കേമായി ആചരിച്ചു വരുന്നു എന്നുള്ളത് നമുക്കൊക്കെ സന്തോഷം തരുന്ന ഒന്നാണ്.