ന്യൂഡല്‍ഹി: കോഴിക്കോടു കുന്നമംഗലത്തെ ഇന്റര്‍നാഷണല്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിന്‍ വ്യാജ സര്‍വ്വകലാശാലയാണെന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിച്ചു. നേരത്തെ സംസ്ഥാനത്തെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്ന സ്ഥാപനം വ്യാജ യൂണിവേഴ്‌സിറ്റിയാണെന്നു കേന്ദ്രം മുന്നറിയിച്ചിരുന്നു. ഈ സ്ഥാപനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയുമില്ലെന്ന് സര്‍ക്കാര്‍ അറിയിപ്പില്‍ പറഞ്ഞു.
വ്യാജ സര്‍വ്വകലാശാലകളെ കുറിച്ചു ജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്നറിയിപ്പു നല്‍കണമെന്നു കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുകാന്ത മജുംദാര്‍ ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്ത് 21 വ്യാജ സര്‍വ്വകലാശാലകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. 2014നും 24നുമിടയില്‍ 12 വ്യാജ സര്‍വ്വകലാശാലകള്‍ പൂട്ടിച്ചു. വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്നു മന്ത്രി മുന്നറിയിച്ചു.
