മഞ്ചേശ്വരം: നാട്ടുമ്പുറങ്ങള്‍ക്കു വികസനത്തിന്റെ ഗുണഫലങ്ങള്‍ വേഗമെത്തിക്കുന്നതിനു പ്രസ്താവനകളും പൊതുജനസമ്പര്‍ക്ക പരിപാടികളും അതിവേഗം തുടര്‍ന്നു കൊണ്ടിരിക്കെ സംസ്ഥാനത്തെ അതിര്‍ത്തി പഞ്ചായത്തായ വൊര്‍ക്കാടിയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസിനു താഴിട്ടു. ഗ്രാമീണര്‍ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ മുഴുവന്‍ നടത്തിപ്പു ചുമതലയുള്ള ഓഫീസാണിത്. ഈ ഓഫീസില്‍ രണ്ടു ഗ്രാമസേവകരായിരുന്നു ഉണ്ടായിരുന്നത്. ഇവര്‍ രണ്ടുപേരെയും നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതോടെ അതിദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ മറ്റൊരു പഞ്ചായത്തിലെ ഗ്രാമസേവകനെ വൊര്‍ക്കാടിയിലെ രണ്ടു ഗ്രാമസേവകര്‍ ചെയ്തിരുന്ന ജോലിയുടെ താല്‍ക്കാലിക ചുമതല ഏല്‍പ്പിച്ചു. രണ്ടാഴ്ച കഴിഞ്ഞു അയാളും സ്ഥലം വിട്ടു.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു മാസം മാത്രം ബാക്കിയിരിക്കെയാണ് പദ്ധതികളും ജനക്ഷേമപദ്ധതികളും ഉണ്ടായിട്ടും അത് നടപ്പാക്കാനാളില്ലാതെ വൊര്‍ക്കാടി പഞ്ചായത്തിലെ സാധാരണ ജനങ്ങള്‍ വിഷമിക്കുന്നത്. അതേ സമയം പഞ്ചായത്തിലും ആവശ്യത്തില്‍ ജീവനക്കാരില്ല. ഹെഡ്ക്ലര്‍ക്ക്, ക്ലര്‍ക്ക്, കൃഷി ഓഫീസര്‍, വെറ്ററിനറി ഡോക്ടര്‍ എന്നീ തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. എ.ഇയെ മറ്റൊരു പഞ്ചായത്തിന്റെ ചുമതല കൂടി ഏല്‍പ്പിച്ചതു കൊണ്ട് ഒരേ സമയം രണ്ടു പഞ്ചായത്തിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണെന്നു മുന്‍ പഞ്ചായത്തു പ്രസിഡന്റും മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറിയുമായ അബ്ദുല്‍ മജീദ് അധികൃതരോടു പരാതിപ്പെട്ടു. നടപ്പുവര്‍ഷത്തെ പദ്ധതികള്‍ നടപ്പാക്കാന്‍ ജീവനക്കാരില്ലാത്തതു കൊണ്ടു കഴിയുന്നില്ല. അതിനിടയില്‍ അടുത്ത വര്‍ഷത്തെ പദ്ധതി തുടങ്ങിക്കൊള്ളാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. ഇതെന്തൊരു വികസനമാണെന്നു മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പരിതപിച്ചു. അത്യാവശ്യം ജീവനക്കാരെ അടിയന്തിരമായി നിയമിച്ചില്ലെങ്കില്‍ അതിരൂക്ഷമായ സമരമാരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിച്ചു.
