റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോഴിക്കുഞ്ഞിനെ ജീവനോടെ ഭക്ഷിച്ച യുവാവിന് ദാരുണാന്ത്യം. പിതാവാകാനുള്ള പ്രാര്‍ത്ഥനയുടെ ഭാഗമായാണ് കോഴിക്കുഞ്ഞിനെ യുവാവ് ജീവനോടെ വിഴുങ്ങിയത്. പിന്നാലെ ശ്വാസതടസം ഉണ്ടാവുകയും മരണപ്പെടുകയുമായിരുന്നു. ആനന്ദ് യാദവ്(35) എന്ന യുവാവാണ് മരിച്ചത്. യുവാവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിനിടെയാണ് കോഴിക്കുഞ്ഞിനെ ജീവനോടെ കണ്ടെത്തിയത്. അംബികാപൂരിലായിരുന്നു സംഭവം. വീട്ടിലെത്തി കുളിച്ച് ഇറങ്ങുന്നതിനിടെ ദേഹാസ്വസ്ഥ്യം തോന്നിയ യുവാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണകാരണം കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെയാണ് യുവാവിന്റെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. ഇതോടെയാണ് തൊണ്ടയില്‍ കുടുങ്ങിയ നിലയില്‍ കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. 20 സെ.മീറ്റര്‍ നീളമുള്ള കോഴിക്കുഞ്ഞിനെയാണ് യുവാവിന്റെ വായില്‍ നിന്നു കണ്ടെത്തിയത്. 15,000 പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. അതേസമയം അന്ധവിശ്വാസങ്ങളുടെ ഫലമായാണ് ആനന്ദ് കോഴിയെ കഴിച്ചതെന്നാണ് പ്രദേശവാസികളുടെ പ്രതികരണം. ഏറെ കാലമായി വിവാഹതിനായെങ്കിലും ആനന്ദിന് കുട്ടികളുണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. മന്ത്രിവാദിയുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ജീവനോടെ കോഴി കുഞ്ഞിനെ യുവാവ് വിഴുങ്ങിയത് എന്നാണ് പറയുന്നത്.