കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘത്തിന് അടിയന്തര അതീവ ജാഗ്രത അനിവാര്യം

കാസര്‍കോട്: സഹകരണ വകുപ്പ് ജീവനക്കാര്‍ക്കു കഴിഞ്ഞ മാര്‍ച്ച് 16ന് ഡി.എ വര്‍ധിപ്പിച്ചു കൊണ്ടു സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ ബലത്തില്‍ ഭരണസമിതി അനുമതി ഇല്ലാതെ കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സംഘം ജീവനക്കാര്‍ 2021 ജനുവരി മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കുടിശ്ശിക സംഘം ഫണ്ടില്‍ നിന്നു പണമായെടുത്തു.
ഭരണസമിതിയുടെ സര്‍വ്വവിധ ചട്ടലംഘനങ്ങളും അവര്‍ പറയുന്നതനുസരിച്ചു ചെയ്തു കൊണ്ടിരുന്ന ജീവനക്കാര്‍ അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു തന്നെ ചെയ്തില്ലെങ്കിലല്ലേ അത്ഭുതമുള്ളു. സംഘത്തിന്റെ പണം ഇങ്ങനെയൊക്കെ ചെലവാക്കുന്നതിനെ കുറിച്ചു ഭരണസമിതി കമാന്ന് ഒരക്ഷരം പോലും മിണ്ടിയതുമില്ല.
സംഘം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു വാടക കരാര്‍ ഇല്ലെന്നു മാത്രമല്ല, പുതിയ കെട്ടിത്തിലേക്ക് ഓഫീസ് മാറ്റാന്‍ തീരുമാനിച്ച 2023 ഡിസംബര്‍ മുതല്‍ ആ ഓഫീസിനു വാടക നല്‍കുകയും ചെയ്യുന്നു. സംഘം ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടു രണ്ടു കെട്ടിടത്തിനു വാടക കൊടുക്കുന്നു. 10 മാസമാണ് ഇത്തരത്തില്‍ ഇരട്ട വാടക നല്‍കിയത്. ഭരണസമിതി പ്രസിഡണ്ടിനെ സഹകരണ വകുപ്പ് അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ചുമതലയേറ്റ അഡ്മിനിസ്‌ട്രേറ്ററാണ് സംഘം പ്രവര്‍ത്തിക്കാത്ത കെട്ടിടത്തിനു നല്‍കിക്കൊണ്ടിരുന്ന വാടക നിറുത്തിവച്ചത്.
സംഘം അംഗങ്ങളുടെ ക്ഷേമത്തിന് സംഘത്തിന്റെ ആദായത്തില്‍ നിന്നു നിശ്ചിതതുക മാറ്റി വയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ മാറ്റി വയ്ക്കുന്ന പണം സംഘാംഗമായിരിക്കെ മരണപ്പെടുന്നവര്‍ക്കു വായ്പാ കുടിശ്ശികയുണ്ടെങ്കില്‍ അതു തിരിച്ചടക്കാനായിരിക്കണം ഉപയോഗിക്കേണ്ടതെന്നു ഭരണസമിതി തന്നെ വ്യവസ്ഥയുണ്ടാക്കിയിരുന്നു. ആ വ്യവസ്ഥ നിലനില്‍ക്കെ അസുഖത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്ന ഒരംഗത്തിനു ഈ ഫണ്ടില്‍ നിന്ന് 50,000 രൂപ ചികിത്സക്കു സഹായിച്ചു.
സംഘത്തിന്റെ പരസ്യത്തിനായി 1,93,000 രൂപ ചെലവഴിച്ചുവെന്നും സംഘത്തിന്റെ കണക്കു ബുക്കില്‍ എഴുതിവച്ചിട്ടുണ്ട്. ഈ തുക ഉടന്‍ തിരിച്ചടക്കണമെന്നു ഓഡിറ്റിംഗ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിയമ വിരുദ്ധമായി ചെലവഴിച്ച സംഘത്തിന്റെ പണം തിരിച്ചു പിടിക്കാനും ഇത്തരത്തില്‍ കൂടുതലായി നല്‍കിയ പണം തിരിച്ചടക്കാനും ഓഡിറ്റ് വിഭാഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംഘം 4,04,92,550 രൂപ വായ്പ നല്‍കിയിട്ടുണ്ട്. 56,01,473 രൂപ വായ്പ എടുത്തവരില്‍ നിന്നു പലിശ കിട്ടാതെ കുടിശ്ശികയായിരിക്കുകയാണ്. ഇതിനു പുറമെ 4,99,315 രൂപ കുടിശ്ശിക ആയിട്ടില്ലാത്ത പലിശയുമുണ്ട്.
5,69,24,627 രൂപയുടെ ബിസിനസ് മര്‍ച്ചന്റ്‌സ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ നടന്നിട്ടുണ്ട്. എന്നാല്‍ 10 വര്‍ഷത്തിനിടയില്‍ ഓഹരി മൂലധനം 28 ശതമാനമേ വര്‍ധിച്ചിട്ടുള്ളു. ഓഹരി വര്‍ധനവാകട്ടെ നാമമാത്രവുമാണ്. 2014-15ല്‍ ബാങ്കില്‍ 654 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. 2023-24ല്‍ അതു 1321 ആയി വര്‍ധിച്ചു. അംഗങ്ങളുടെ എണ്ണം ഇരട്ടിയലധികം വര്‍ധിച്ചപ്പോള്‍ ഓഹരി മൂലധനം 2014-15ലുണ്ടായിരുന്ന 14.73 ലക്ഷത്തില്‍ നിന്നു 10 വര്‍ഷം കൊണ്ടു 18.90 ലക്ഷമാക്കാനേ കഴിഞ്ഞുള്ളു.
അതേ സമയം 2014-15ല്‍ വായ്പ 198.55 ലക്ഷമായിരുന്നതു 2023-24ല്‍ 404.92 ലക്ഷമായി ഉയര്‍ന്നു. 2024ല്‍ 421.31 ലക്ഷം രൂപ നിക്ഷേപവുമുണ്ടായിരുന്നു. 2014-15ല്‍ 3.52 ശതമാനമാണ് കുടിശ്ശിക ഉണ്ടായിരുന്നത്. അതേ സമയം 2023-24ല്‍ കുടിശ്ശിക 29 ശതമാനമായിട്ടുണ്ട്. 2023-24ല്‍ 23.30 ശതമാനമായിരുന്നു സംഘത്തിന്റെ നഷ്ടം. ഈ വര്‍ഷം 56,01,473 രൂപ കിട്ടേണ്ടിയിരുന്ന പലിശ, കുടിശ്ശികയായിട്ടുണ്ട്.
ഇത്രയും രൂപയുടെ ഇടപാടു നടക്കുന്ന ഈ സംഘത്തില്‍ സെക്രട്ടറിയുടെ തസ്തിക നിലവിലുണ്ടായിരിക്കെ ആ തസ്തികയിലേക്ക് ഒരു സ്ഥിരം ജീവനക്കാരനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നതാണ് അതിലും വിചിത്രം. ഒരു ജനിയര്‍ ക്ലര്‍ക്കിനു അന്നു മുതല്‍ ഇന്നുവരെ സെക്രട്ടറിയുടെ ചുമതല ഭരണസമിതി ഏല്‍പ്പിച്ചു കൊടുത്തിരിക്കുകയാണ്
(അവസാനിച്ചു)

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page