മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ (എംഐഎ) കസ്റ്റംസ് ഉദ്യോഗസ്ഥർ 1.15 കോടി രൂപയുടെ സ്വർണവും കുങ്കുമപ്പൂവും പിടികൂടി. ദുബായിൽ നിന്നും അബുദാബിയിൽ നിന്നും എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് സ്വർണ്ണവും കുങ്കുമപ്പൂവും പിടികൂടിയത്. ഡിസംബർ 8 നും 11 നും ഇടയിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിൽ സഞ്ചരിച്ച കാസർകോട്, ഹൊന്നാവർ സ്വദേശികളായ യാത്രക്കാരിൽ നിന്നാണ് അനധികൃത സ്വർണ്ണം കണ്ടെത്തിയത്. യാത്രക്കാരുടെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തി. യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. മറ്റൊരു യാത്രക്കാരൻ്റെ മലദ്വാരത്തിൽ ഓവൽ ആകൃതിയിലുള്ള രണ്ട് വസ്തുക്കളിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിൽ മറ്റൊരു യാത്രക്കാരൻ്റെ ചെക്ക് ഇൻ കാർട്ടൺ ബോക്‌സിൻ്റെ അടിഭാഗത്ത് ഒട്ടിച്ച് തിരുകി ഒളിപ്പിച്ച സ്വർണപ്പൊടി കണ്ടെടുത്തു. 24 കെ പ്യൂരിറ്റി സ്വർണ്ണം കൊണ്ട് നിർമ്മിച്ച 1,429 ഗ്രാം ചെറിയ മോതിരങ്ങൾ, സ്വർണ്ണാഭരണങ്ങൾ, 478 ഗ്രാം കുങ്കുമപ്പൂവ് എന്നിവയും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
